‘കാലില്‍ ഉമ്മ കൊടുക്കെടാ’; മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ യുവാവിനെ കാലുപിടിപ്പിച്ച് ഗുണ്ടാനേതാവ്

തിരുവനന്തപുരം: തുമ്പയില്‍ യുവാവിനെ കൊണ്ട് കാലുപിടിപ്പിച്ച് ഗുണ്ടാനേതാവ്. തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാനാണ് കാല്‍ പിടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.’കാലില്‍ ഉമ്മ കൊടുക്കെടാ’ എന്ന് പറഞ്ഞാണ് ഗുണ്ടാനേതാവ് യുവാവിനെ നിര്‍ബന്ധിപ്പിച്ച് കാല്‍പിടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഒരാഴ്ച മുന്‍പാണ് സംഭവം. പൊലീസിന്റെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട ഡാനി എന്നയാളാണ് യുവാവിനെ കൊണ്ട് കാല്‍ പിടിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡാനിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം യുവാവിനെ മര്‍ദിക്കുകയും അയാളുടെ കൈയിലെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു.

അതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ തിരിച്ചുനല്‍കുന്നതിന് വേണ്ടി യുവാവിനെ തുമ്പയിലേക്ക് വിളിച്ചുവരുത്തി. മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ കാലുപിടിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഡാനിയുടെ സംഘത്തില്‍പ്പെട്ടയാള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയയതും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതും.ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഇതുവരെയും കേസ് എടുത്തിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യുവാവ് പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് കേസ് എടുക്കാത്തതെന്നാണ് പൊലിസിന്റെ വിശദീകരണം.

Leave A Reply