ചങ്ങനാശ്ശേരി: ഗ്യാസ് ഗോഡൗണ്‍ നിർമിക്കുന്നതിനെതിരെ പരാതി നല്കിയ കുടുംബത്തെ വീടുകയറി ആക്രമിച്ചതായി പരാതി. പരാതിക്കാരന് ജോസഫിനെയും ഭാര്യ ജയമ്മ ജോസഫിനെയും വീട്ടില്‍ കയറി ആക്രമിക്കുകയും റോഡില്‍ ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയത്.
അയര്‍കാട്ടുവയല്‍ ഫ്രണ്ട്സ് ലൈബ്രറിക്ക് സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഗ്യാസ് ഗോഡൗണ്‍ നിർമിക്കുന്നതിനെതിരെ സമീപവാസി ജോസഫ് തോമസും 17 കുടുംബവും കലക്ടര്‍ക്കും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിനും പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മൂന്നുകാറില് എത്തിയ പത്തംഗ സംഘത്തിൽ അഞ്ചുപേർ ഗേറ്റ് ചവിട്ടിത്തുറന്ന് അതിക്രമിച്ചു കയറി വീടിന്റെ തിണ്ണയില്‍ പേരക്കുട്ടികളുമായി ഇരുന്ന ജോസഫിനെയും വയോധികരായ മാതാപിതാക്കളെയും അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ജോസഫിനെ കോളറിന് പിടിച്ച് ഉയര്‍ത്തി താഴെയിട്ട് മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഭാര്യ ജയമ്മയുടെ വലതുകൈ പിടിച്ച് തിരിച്ച് ഉപദ്രവിച്ചു. വീടിനുള്ളില്‍ കയറി കതക് അടക്കാന്‍ ശ്രമിച്ചപ്പോള്‍ കതക് ചവിട്ടിത്തുറന്ന് അകത്ത് കയറി ജയമ്മയെ തള്ളി മാറ്റി ഭര്‍ത്താവിനെ വീടിനുള്ളില്‍ കയറി മര്‍ദിച്ചതായും കുടുംബത്തിനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ജയമ്മ തൃക്കൊടിത്താനം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.