പന്നിപ്പനി; രോഗബാധിത പ്രദേശവും രോഗ നിരീക്ഷണ മേഖലയും പ്രഖ്യാപിച്ചു

തൃശൂർ പരിയാരം ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി രോഗം സ്ഥിരീകരിച്ചിട്ടുള്ള ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.

പരിയാരം, ചാലക്കുടി, കോടശ്ശേരി, മറ്റത്തൂർ, അതിരപ്പിള്ളി, കൊരട്ടി, മേലൂർ, കാടുകുറ്റി എന്നീ ഗ്രാമ പഞ്ചായത്തുകളാണ് നീരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നത്. പരിയാരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം നമ്പർ വാർഡിലെ പന്നിഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ഇത് മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാനുള്ള സാധ്യത കുറവാണ്. ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിലാണ് മറ്റു പ്രദേശങ്ങളിലേക്കും മുൻകരുതലുകൾ സ്വീകരിക്കുന്നത്.

പരിയാരം ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നി സ്ഥിരീകരിച്ച പന്നിഫാമിലെയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്രസർക്കാരിൻറെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള പ്രോട്ടോക്കോളുകൾ പാലിച്ച് ഉടൻ പ്രാബല്യത്തിൽ ഉൻമൂലനം ചെയ്യേണ്ടതും ജഡം മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കുകയും ചെയ്യണം. ജില്ല ഭരണകൂടത്തിലേക്ക് സംസ്കരിച്ച വിവരങ്ങൾ ജില്ലാ മൃഗസംരക്ഷണ ഓഫീസർ സമർപ്പിക്കും.

പരിയാരം ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിൽ നിന്നും മറ്റു പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നുള്ള കാര്യവും അന്വേഷിച്ച് റിപ്പോർട്ട് ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നതിനുള്ള സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശനം മാർഗങ്ങളിലും പോലീസുമായും ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. ഡിസീസസ് ഫ്രീ സോണിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലകളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഈ ടീം ഉറപ്പുവരുത്തും.

രോഗം സ്ഥിരീകരിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ പോലീസ് , മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെട്ട റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി ജില്ല മൃഗസംരക്ഷണ ഓഫീസർ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് സ്വീകരിക്കും.

ജില്ലയിലെ മറ്റു ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ , വില്ലേജ് ഓഫീസർമാർ , ഡയറി ഡെവലപ്മെൻറ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്റിനറി ഓഫീസറെ അറിയിക്കുകയും വെറ്റിനറി ഓഫീസർ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. വെറ്റിനറി ഓഫീസർക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മേൽഉദ്യോഗസ്ഥർ നൽകും.

Leave A Reply