ചേലക്കരയിലെ യാത്രാ ദുരിതം അവസാനിപ്പിക്കാൻ പുതിയ പാലം വരുന്നു

തൃശൂർ ജില്ലയിലെ കൊണ്ടാഴി – കുത്താമ്പുള്ളി പാലം നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ചേലക്കരയിലെ ടൂറിസത്തിന്റെ അനന്തസാധ്യതകൾക്കനുസൃതമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചേലക്കര ടൂറിസം സർക്യൂട്ടിനായി ആദ്യഘട്ടത്തിൽ 2 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പുതിയ പാലം യഥാർത്ഥ്യമാകുന്നതോടെ കലയും കൈത്തറിയും പൈതൃകവും ഉൾക്കൊള്ളുന്ന ചേലക്കരുടെ പരമ്പരാഗത വ്യവസായ മേഖലയെ ശക്തിപ്പെടുത്താൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാലം വരുന്നതോടെ ഗായത്രി പുഴയിലൂടെയുള്ള കടത്ത്‌ യാത്രയ്ക്കും യാത്രാ ദുരിതത്തിനും വിരാമമാകും.

മന്ത്രി കെ രാധാകൃഷ്ണന്റെ ശ്രമഫലമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 33.14 കോടി രൂപ പാലത്തിനായി വകയിരുത്തി. 182 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുണ്ടാവുക. ഭൂമിയേറ്റടുത്തതിന്റെ നഷ്ടപരിഹാരത്തുകയായ 6.27 കോടി രൂപ നേരത്തെ കൈമാറി. 18 മാസമാണ് നിർമ്മാണ കാലാവധി. പ്രധാനപാലത്തിനു പുറമെ കുത്താമ്പുള്ളി അനുബന്ധ റോഡിൽ പാടം വരുന്ന ഭാഗത്ത്‌ പാലം, ഇറിഗേഷൻ കനാൽ വരുന്ന ഭാഗത്ത് ഒരു മൈനർ ബ്രിഡ്ജ് എന്നിവയും, പാലത്തിന്റെ അപ്രോച്ച് റോഡും നിർമ്മിക്കും. കോഴിക്കോടുള്ള ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ കരാർ.

കുത്താമ്പുള്ളി കിഴക്കേ ദേവസ്വം ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. കെ ആർ എഫ് ബി ടീം ലീഡർ എസ് ദീപു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ ശശിധരൻ, കെ പത്മജ, ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ് നായർ, ജില്ലാ പഞ്ചായത്തംഗം കെ ആർ മായ,പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രശാന്തി, ബ്ലോക്ക് പഞ്ചായത്തംഗം പി.എം. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, കെ ആർ എഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേഷ് എൻ, വാർഡ് മെമ്പർമാരായ ദേവി.യു, ഗിരിജ എം, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply