ആഫ്രിക്കൻ പന്നിപ്പന്നി റിപ്പോർട്ട് ചെയ്തിട്ടും ഇറച്ചി വിൽപന തകൃതിയായി നടക്കുന്നു
ചാലക്കുടി: ആഫ്രിക്കൻ പന്നിപ്പന്നി റിപ്പോർട്ട് ചെയ്തിട്ടും പരിയാരത്തെ പന്നിയിറച്ചി വിൽപന സ്റ്റാളുകളിൽ പരിശോധനയും വിൽപന നിയന്ത്രണവുമില്ല. പന്നിപ്പനി ബാധ മറച്ചുവെച്ച് സ്റ്റാളുകളിൽ ഇറച്ചി വിൽപന നടത്തുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഇവിടത്തെ 10 ലധികം സ്റ്റാളിൽ വിൽപന തകൃതിയായി നടന്നിരുന്നു. പണം കൈപ്പറ്റി പഞ്ചായത്തിലെ ആരോഗ്യവിഭാഗം രോഗം ബാധിച്ച പന്നികളെ വിൽക്കാൻ കൂട്ടുനിൽക്കുന്നതായാണ് ആരോപണം. അങ്കമാലി പോർക്കുപോലെ മധ്യകേരളത്തിൽ പ്രശസ്തമാണ് പരിയാരം പോർക്കും.
ചാലക്കുടിയിൽനിന്നുള്ളവർ ഇറച്ചി വാങ്ങുന്നത് പരിയാരത്തെ സ്റ്റാളുകളിൽനിന്നാണ്. പന്നിഫാമുകളും വിൽപനശാലകളും ധാരാളമുള്ള ഇവിടെ മാംസവിൽപന മാഫിയയാണ് പഞ്ചായത്തിനെ ഭരിക്കുന്നതെന്ന ആരോപണം നേരത്തെയുള്ളതാണ്. ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇവരിൽനിന്ന് ആനുകൂല്യം കൈപ്പറ്റുന്നതായി ആക്ഷേപങ്ങൾ മുമ്പും ഉയർന്നിട്ടുണ്ട്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് പഞ്ചായത്തിൽ പലയിടങ്ങളിലും അനധികൃത കശാപ്പ് അരങ്ങേറുന്നത്. രോഗം ബാധിച്ച പന്നികളെ കശാപ്പ് ചെയ്ത് വിൽക്കുന്നത് തടയാൻ ആരുമില്ല.
പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലെ ഫാമുകളിൽ പന്നിപ്പന്നിയും മറ്റ് രോഗങ്ങളും വർധിക്കുകയാണ്. ഏതാനും ആഴ്ച മുമ്പ് കോടശ്ശേരി പഞ്ചായത്തിൽ പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് നിരവധി പന്നികളെ കൊന്നൊടുക്കിയിരുന്നു. രണ്ട് വർഷം മുമ്പ് അതിരപ്പിള്ളിയിലെ ഫാമുകളിൽ പന്നിപ്പനി വ്യാപകമായതിനെത്തുടർന്ന് നൂറുകണക്കിന് എണ്ണത്തെ കൊന്നൊടുക്കിയിരുന്നു.
കോടശ്ശേരിയോട് ചേർന്ന പരിയാരം പഞ്ചായത്തിൽ ഇപ്പോൾ പന്നിപ്പനി വ്യാപിച്ചത് ബന്ധപ്പെട്ട വകുപ്പുകളുടെ ജാഗ്രതക്കുറവുകൊണ്ടാണെന്നാണ് പരാതി. ആവശ്യമായ പരിശോധനകൾ ബന്ധപ്പെട്ട അധികാരികൾ സമയത്തിന് നടത്താത്തതാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണം. വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ് ഫാമുകളിൽ നിലനിൽക്കുന്നത്.