നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: ദലിത് വിഭാഗത്തിലെ 16കാരിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ അഞ്ച് യുവാക്കളെ മംഗളൂരു വിട്ടൽ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡബിദ്രി സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ അക്ഷയ് ദേവഡിഗ(24), നിർമാണ തൊഴിലാളിയും കൊജ്ജപ്പ ബായാർ സ്വദേശിയുമായ കമലാക്ഷ ബെല്ലടഡ(30), ഡ്രൈവറായി ജോലി ചെയ്യുന്ന ബെരിപ്പദവ് സ്വദേശി സുകുമാർ ബെല്ലടഡ(28) എന്നിവരാണ് അറസ്റ്റിലായത്. പെരുവായി സ്വദേശികളായ രാജ(25), ജയപ്രകാശ് (38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവർക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തു. അഞ്ചു പ്രതികളും തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഇരയായ പെൺകുട്ടി അഞ്ചു പ്രതികളേയും തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളിൽ ഒരാൾ പ്രണയം നടിച്ച് പെൺകുട്ടിയെ വശീകരിച്ചത്. തുടർന്ന് മാസങ്ങളായി പീഡിപ്പിച്ചു എന്നാണ് കേസ്. കഴിഞ്ഞ ശനിയാഴ്ചയാണ് രക്ഷിതാക്കൾ വിട്ടൽ പൊലീസിൽ പരാതി നൽകിയത്.

ഉഡുപ്പി പാരാമെഡിക്കൽ കോളജിലെ ‘ഒളികാമറ’ ആരോപണം ഉയർത്തി പ്രക്ഷോഭം നടത്തുന്ന ബി.ജെ.പിക്ക് അവരുടെ അഞ്ച് അണികൾ വിട്ടലിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയ സംഭവത്തിൽ മൗനം. ഒളികാമറ ഇല്ലെന്ന് ബി.ജെ.പി നേതാവും ദേശീയ വനിത കമ്മീഷൻ അംഗവുമായ നടി ഖുശ്ബു സുന്ദർ പറഞ്ഞിരുന്നു.

എന്നാൽ, അത് മുഖവിലക്കെടുക്കാതെ സംഭവത്തിൽ വർഗീയ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ കേന്ദ്ര മന്ത്രി ശോഭാ കാറന്ത്ലാജെ, ദലിത് പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ മൗനം അവലംബിക്കുന്നതിനെ കോൺഗ്രസ് വിമർശിച്ചു. ‘ദലിത് പെൺകുട്ടിക്ക് നീതി ലഭിക്കണം എന്ന് പറയുന്നതിൽ നിന്ന് ഉടുപ്പി-ചിക്കമംഗളൂരു എംപികൂടിയായ ശോഭയെ ആരാണ് തടയുന്നത്? ദലിത് ഹിന്ദു അല്ലേ?’ -കോൺഗ്രസ് ട്വീറ്റ് ചെയ്തു.

Leave A Reply