സമസ്തയിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങൾക്ക് ശക്തമായ വിലക്കുമായി സമസ്ത നേതൃത്വം
മലപ്പുറം: മുസ്ലിം ലീഗുമായി അകലാനുള്ള സമസ്തയിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങൾക്ക് ശക്തമായ വിലക്കുമായി സമസ്ത നേതൃത്വം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അനാരോഗ്യകരമായ വിഴുപ്പലക്കലുകൾ അവസാനിപ്പിക്കാൻ നേതാക്കളോടും പ്രവർത്തകരോടും ഉന്നത നേതൃത്വം നിർദേശം നൽകി. പഴയ കാലത്തെ പല വിവാദ പ്രസംഗങ്ങളും സമൂഹമാധ്യമങ്ങളിൽ കുത്തിപ്പൊക്കി അതിൻമേൽ അനാരോഗ്യകരമായ ചർച്ചകൾ നടത്തി സംഘടനക്കകത്ത് പ്രശ്നങ്ങളുണ്ടാക്കുന്നവർക്കെതിരെയും നേതൃത്വം മുന്നറിയിപ്പ് നൽകി. സമസ്ത-സി.ഐ.സി തർക്കം ഉൾപ്പെടെ പൂർണമായി പരിഹരിക്കപ്പെടാത്ത പല വിഷയങ്ങളും ഇങ്ങനെയാണ് ‘വ്രണമാവുന്നത്’ എന്നാണ് സംഘടനക്കകത്തെ വിലയിരുത്തൽ.
സമസ്തയെ ലീഗിൽനിന്ന് അകറ്റാനുള്ള ഒരുവിഭാഗത്തിന്റെ ശ്രമങ്ങൾ കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ടെന്നാണ് പരാതി. മഹല്ല് ഭരണം വരെ ഇ.കെ. വിഭാഗത്തിന് നഷ്ടപ്പെടുന്ന സംഭവങ്ങളും മഹല്ലുകളിൽ വിഭാഗീയ നീക്കങ്ങൾ ശക്തിപ്പെടുന്നതും സമസ്തക്കകത്ത് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ സമസ്ത-മുസ്ലിം ലീഗ് നേതാക്കൾ ഒരുമിച്ചിരുന്നത്.
ജൂലൈ ഏഴിന് നടത്താൻ നിശ്ചയിച്ച സമസ്ത-ലീഗ് യോഗത്തിൽനിന്ന് സമസ്ത പിൻമാറി എന്ന പരാതി ലീഗിനുണ്ടായിരുന്നു. സി.ഐ.സി തർക്കർത്തിൽ വളാഞ്ചേരി മർക്കസിൽ കോടതി വിധി നടപ്പാക്കേണ്ടി വന്നതോടെയാണ് സമസ്ത നേതൃത്വം ചർച്ചയിൽനിന്ന് പിൻമാറിയതെന്നായിരുന്നു ആരോപണം. ഇത് രംഗം കൂടുതൽ വഷളാക്കി. ഇതിനിടെ സമസ്തയുടെ പ്രമുഖ നേതാക്കൾ ലീഗിനെതിരെ പരസ്യപ്രസ്താവന നടത്തുന്ന സാഹചര്യം വരെയുണ്ടായി. സമസ്തയുടെ കാര്യങ്ങൾ നടക്കാൻ ലീഗിനെ തന്നെ ആശ്രയിക്കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്ന കാലമാണിതെന്നും പരസ്യപ്രസംഗങ്ങളുണ്ടായി.
ഇത് സമസ്ത ഗ്രൂപ്പുകളിൽ വലിയ ചർച്ചയുമായി. ഇതോടെ സമസ്തയുടെ പല മഹല്ലുകളിലും വിഭാഗീയത രൂക്ഷമായി. സമസ്ത കാലങ്ങളായി ഭരിച്ച കൊപ്പം മഹല്ല് എ.പി വിഭാഗത്തിന് ലഭിച്ചത് സംഘടനക്ക് വലിയ ക്ഷീണമായി. ചാവക്കാട്ടും ഈ അവസ്ഥയുണ്ടായി. പല മഹല്ലുകളിലും സമസ്ത നേതാക്കൾക്ക് പദവി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ലീഗ് സ്വാധീന മഹല്ലുകളിൽ സമസ്തക്ക് വലിയ നഷ്ടങ്ങൾ വരുന്നുവെന്നാണ് സംഘടനക്കകത്തെ ചർച്ച. ഇ.കെ വിഭാഗത്തിലെ വിഭാഗീയതക്ക് പിന്തുണയുമായി എ.പി വിഭാഗവും സി.പി.എമ്മും പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നതായി വിലയിരുത്തുന്നവരും സമസ്തക്കകത്തുണ്ട്.