ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ നിബന്ധനകളും മാർഗനിർദേശങ്ങളും മത്സരക്രമവും വിലയിരുത്താൻ ചേർന്ന ക്യാപ്റ്റൻസ് ക്ലിനിക് വള്ളംകളിക്കാരുടെ ഒത്തുചേരലായി. ആലപ്പുഴ വൈ.എം.സി.എയിൽ നടന്ന പരിപാടിയിൽ ചുണ്ടൻവള്ളങ്ങളുടെയും കളിവള്ളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിങ് ക്യാപ്റ്റൻമാരുമാണ് പങ്കെടുത്തത്. ചമ്പക്കുളം മൂലം വള്ളംകളിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടം പോലുള്ളവ ഒഴിവാക്കാൻ ചെറുവള്ളങ്ങൾക്ക് പിന്നാലെ സ്പീഡ് ബോട്ടുകളടക്കം സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശമുയർന്നു. പ്രതികൂല കാലാവസ്ഥയിൽ നടന്ന ചമ്പക്കുളം മൂലം വള്ളംകളിയുടെ ‘ബോണസ്’ ഇതുവരെ വള്ളങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന പരാതിയും ഉയർന്നു.
ആഗസ്റ്റ് 12ന് ഉച്ചക്ക് രണ്ടിന് പുന്നമട ഫിനിഷിങ് പോയന്റിലെ പവിലിയന് മുന്നിൽ നടക്കുന്ന മാസ്ഡ്രില്ലിൽ പാലിക്കേണ്ട നിർദേശങ്ങളും അവതരിപ്പിച്ചു. ഒന്ന് മുതൽ 10 വിസിൽവരെ തുഴകൾ കൈകാര്യംചെയ്യുന്ന വിധവും വിശദീകരിച്ചു. ചുണ്ടന്‍വള്ളങ്ങളും യൂനിഫോം ധരിച്ച തുഴച്ചില്‍ക്കാരോടൊപ്പം വി.ഐ.പി പവിലിയന് മുന്നില്‍ അണിനിരന്ന് മാസ്ഡ്രില്ലില്‍ പങ്കെടുക്കണം. യൂനിഫോമും ഐഡന്റിറ്റി കാര്‍ഡും ധരിക്കാത്ത തുഴച്ചില്‍ക്കാരുള്ള ചുണ്ടന് വള്ളങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല.
ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരം രാവിലെ 11ന് ആരംഭിച്ച് 12.30ന് അവസാനിപ്പിക്കും. ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സിനുശേഷം ഫൈനൽ നടക്കും. മാസ്ഡ്രിൽ സമയത്ത് ട്രയൽ പരിശീലനമെന്ന പേരിൽ ചെറുവള്ളങ്ങൾ ഫിനിഷിങ് പോയന്റിലെത്തിയാൽ ശിക്ഷാനടപടി സ്വീകരിക്കും. മാസ്ഡ്രില്ലില്‍ പങ്കെടുക്കാത്ത വള്ളങ്ങളുടെ ക്ലബുകള്‍ക്കുള്ള ബോണസില്‍ 50 ശതമാനം കുറവ് വരുത്തും. കലക്ടര്‍ ഹരിത വി.കുമാര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് കോഓഡിനേറ്റര്‍ മുന്‍ എം.എല്‍.എ സി.കെ. സദാശിവന് അധ്യക്ഷതവഹിച്ചു.
എന്‍.ടി.ബി.ആര് സൊസൈറ്റി സെക്രട്ടറി സബ് കലക്ടർ സൂരജ് ഷാജി, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എം.സി. സജീവ് കുമാര്‍, മാസ്റ്റര്‍ ഓഫ് സെറിമണി ആര്.കെ. കുറുപ്പ്, ചീഫ് സ്റ്റാര്‍ട്ടര്‍ കെ.കെ. ഷാജു, ചീഫ് അമ്പയര്‍ കെ.എം. അഷ്റഫ്, മാസ്ഡ്രില്‍ ചീഫ് എസ്. ഗോപാലകൃഷ്ണന്, വി.സി. ഫ്രാന്‍സിസ്, എസ്.എം. ഇഖ്ബാല്‍, ടി.എസ്. സന്തോഷ് കുമാര്‍, കെ.ആര്. രാജേഷ് കുമാര്‍, വിവിധ വള്ളങ്ങളുടെ ക്യാപ്റ്റൻമാര്, ലീഡിങ് ക്യാപ്റ്റൻമാര് തുടങ്ങിയവര്‍ പങ്കെടുത്തു.