അമ്പലപ്പുഴ: ട്രോളിങ് നിരോധനം കഴിഞ്ഞ് പ്രതീക്ഷയോടെ കടലില്‍ ഇറങ്ങിയ ബോട്ടുകളില്‍ കരിക്കാടിയും കിളിമീനും ലഭിച്ചു. അയലയും വറ്റയും ചെമ്മീനും ലഭിച്ച ബോട്ടുകളുമുണ്ട്. ഉച്ചയോടെ എത്തിയ ബോട്ടുകാര്‍ക്കാണ് വില കൂടുതല്‍ കിട്ടിയത്. കരിക്കാടിക്ക് തുടക്കം കിലോക്ക് 120 രൂപ കിട്ടിയെങ്കിലും പിന്നീട് 100 രൂപയാണ് കിട്ടിയത്. കിളിമീന്‍ വലിപ്പം അനുസരിച്ച് 60 മുതല്‍ 120 രൂപവരെയാണ് കിലോക്ക് കിട്ടിയത്.
5000 കിലോ മുതല്‍ 6000 കിലോവരെയാണ് ബോട്ടുകാര്‍ക്ക് കിട്ടിയത്. 52 ദിവസത്തെ ട്രോളിങ്ങിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ച മുതലാണ് ബോട്ടുകള്‍ കടലില്‍ ഇറക്കിയത്. കൊല്ലം, കായംകുളം, ആയിരംതെങ്ങ്, കൊച്ചി തീരങ്ങളില്‍നിന്ന് നൂറുകണക്കിന് ബോട്ടുകളാണ് ട്രോളിങ് കഴിഞ്ഞ പ്രതീക്ഷയില്‍ മത്സ്യബന്ധനത്തിനിറങ്ങിയത്. നാരന്‍, കരിക്കാടി ചെമ്മീനുകളാണ് പല ബോട്ടുകളിലും കിട്ടിയതെങ്കിലും പ്രതീക്ഷിച്ചപോലെ കോളുകിട്ടിയില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ദിവസങ്ങള്‍ കടലില്‍ കിടന്ന് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളുമുണ്ട്. ഇന്നുമുതല്‍ കൂടുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനം കഴിഞ്ഞെത്തും.
അതോടെ തീരം ഉത്സവലഹരിയിലാകും. രണ്ടാഴ്ചയായി പുറക്കാട് തീരത്തായിരുന്നു ചാകര തെളിഞ്ഞത്. എന്നാല്‍, കാറ്റും കോളും മൂലം വള്ളങ്ങള്‍ കടലില്‍ ഇറക്കിയിരുന്നില്ല. ചൊവ്വാഴ്ച തോട്ടപ്പള്ളി ഹാര്‍ബറിലാണ് വള്ളങ്ങള്‍ അടുത്തത്. ഇവിടെയും അയലയും വറ്റയും ചൂരയുമാണ് പല വള്ളങ്ങളിലും കിട്ടിയത്. തീരത്ത് അയല 140, വറ്റ, ചൂര എന്നിവക്ക് 180 രൂപയുമായിരുന്നു കിലോക്ക് കിട്ടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടിയ മീനുകള്‍ക്ക് കിലോക്ക് 300 മുതല്‍ 350 രൂപ വരെ കിട്ടിയിരുന്നു.
ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതോടെയാണ് ചെമ്മീന്‍ പീലിങ് ഷെഡുകളും ഐസ് ഫാക്ടറികളും സജീവമാകുന്നത്. 52 ദിവസമായി അടഞ്ഞുകിടന്ന പീലിങ് ഷെഡുകളില്‍ ചൊവ്വാഴ്ച പ്രതീക്ഷയുടെ സയറന്‍ മുഴങ്ങി. ഈ സമയത്താണ് നാരന്‍, പൂവാലന്, കരിക്കാടി, പുല്ലന് ചെമ്മീനുകള്‍ അധികവും കിട്ടുന്നത്. കൂടാതെ കണവയുടെ വരുവും പീലിങ് മേഖലക്ക് ഉണര്‍വേകും.
ജില്ലയില്‍ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ ആയിരത്തിലധികം ചെറുകിട പീലിങ് ഷെഡുകളാണുള്ളത്. കൂടാതെ അരൂര്‍, ചന്തിരൂര്‍ മേഖലയില്‍ നിരവധി ചെമ്മീന്‍ വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് വിവിധ പീലിങ് ഷെഡുകളിലായി തൊഴിലെടുക്കുന്നത്. ഇവരുടെ കുടുംബങ്ങളെല്ലാം 52 ദിവസമായി പട്ടിണിയുടെ വക്കിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ പീലിങ് മേഖല സജീവമാകും.
ട്രോളിങ് കഴിഞ്ഞുള്ള ചാകരക്കൊയ്ത്ത് പ്രതീക്ഷിച്ച് ഐസ് ഫാക്ടറികളും സജീവമായിരിക്കുകയാണ്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ഐസ് ഫാക്ടറികള്‍ പലതും ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നൂറുകണക്കിന് ഐസ് ഫാക്ടറികളാണ് ജില്ലയുടെ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. മത്സ്യസമ്പത്ത് കുറഞ്ഞതും വൈദ്യുതി നിരക്ക് വർധനവും മൂലം പലതും അടച്ചുപൂട്ടി. അടുത്തിടെയുണ്ടായ വൈദ്യുതി നിരക്കിലെ വർധന മൂലം ഐസിന്റെ വിലയിലും മാറ്റം വരുത്തേണ്ടി വരുമെന്നാണ് ഉടമകള്‍ പറയുന്നത്.