ചങ്ങനാശ്ശേരി പോപ്പിന് പിന്തുണയുമായി ഗണേഷ്‌കുമാറും , എൽ ഡി എഫിൽ അകത്തോ പുറത്തോ ?

സ്പീക്കർ ഷംസീർ നിരൂപാധികം മാപ്പ് പറയണം , അതിലോരു വിട്ടുവീഴ്ചയുമില്ല . ചങ്ങനാശ്ശേരി പോപ്പ് പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ലല്ലോ , മാപ്പ് പറയുന്നത് വരെ തേങ്ങയുടച്ചും ഹോമം നടത്തിയും പ്രാർത്ഥന നടത്തുമെന്നാണ് പോപ്പിന്റെ കൽപ്പന .

ചങ്ങനാശ്ശേരിയിലെ വാഴപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് രാവിലെ തന്നെ പോപ്പ് തുടക്കമിട്ടു. നേരത്തെ പറഞ്ഞതുപോലെ തന്നെ തേങ്ങയുമുടച്ചു ഹോമവും നടത്തി. പോപ്പ് പറഞ്ഞാൽ പറഞ്ഞതാ , മറ്റാരും ഏറ്റുപിടിച്ചില്ലെങ്കിലും പോപ്പ് അതിൽ നിന്നും മാറില്ല , പുക കണ്ടിട്ടേ മാറൂ .

പൂജയും ഹോമവുമൊക്കെ കഴിഞ്ഞു പുറത്തിറങ്ങിയ പോപ്പ് പറഞ്ഞത് ശാസ്ത്രമല്ല വിശ്വാസം തന്നെയാണ് വലുതെന്നും ശാസ്ത്രം ഗണപതിയുടെ കാര്യത്തില്‍ മാത്രം മതിയോയെന്നുമാണ് . സ്പീക്കറെ പിന്തുണച്ച എ.കെ ബാലന്‍ നുറുങ് തുണ്ടാണെന്നും പോപ്പ് പരിഹസിച്ചു. വൈകുന്നേരം തിരുവനന്തപുരത്ത് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടക്കുമെന്നും അറിയിച്ചു .

ശബരിമല ആചാര സംരക്ഷണ മോഡലിൽ വിശ്വാസ സംരക്ഷണത്തിനാണ് എൻ എസ് എസ് ശ്രമം നടത്തുന്നത് . ഇതിനാണ് ചങ്ങനാശ്ശേരി പോപ്പ് തുടക്കമിട്ടത്. ബിജെപി നേതാക്കളെ എൻ എസ് എസ് ക്ഷണിച്ചിരുന്നില്ല. എന്നാൽ ക്ഷേത്രത്തിൽ സുകുമാര പോപ്പെത്തിയപ്പോൾ ബിജെപി നേതാക്കളും അവിടെയുണ്ടായിരുന്നു.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വിശ്വാസങ്ങളെ, അത് ഏതു മതവിഭാഗത്തിന്റേതായാലും, ശാസ്ത്രീയതയുടെ പേരുപറഞ്ഞു തള്ളിക്കളയുന്നത് ആ വിഭാഗത്തിന്റെ നിലനിൽപിനെത്തന്നെ ബാധിക്കുമെന്നും ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസപ്രമാണങ്ങളിൽ ഇത്തരത്തിൽ കടന്നുകയറ്റം നടത്തുന്നതു വിശ്വാസികൾക്കു വേദനയുണ്ടാക്കുന്നതാണെന്നുമാണ് സുകുമാര പോപ്പിന്റെ നിലപാട്.

മറ്റു കാര്യങ്ങളിൽ മിത്തിനെ മിത്തായും ചരിത്രത്തെ ചരിത്രമായും ശാസ്ത്രീയമായ രീതിയിൽ കാണുന്നതിൽ തെറ്റില്ല.  ഷംസീറിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം നിസാരവത്കരിച്ചതിൽ സർക്കാരിനെതിരെയും എൻഎസ്എസ് കടുത്ത വിമർശനം ഉന്നയിച്ചു. ഷംസീറിന്റെ രാജി ആവശ്യം കടുപ്പിക്കുമെന്നും എൻഎസ്എസ് പറയുന്നു .

അതിനിടെ ഷംസീറിന്റെ വിശ്വാസ വിരുദ്ധ പ്രസംഗ വിവാദത്തിൽ എൻ.എസ്.എസിന്റെ നിലപാടിനൊപ്പമാണ് താനെന്ന് കെ.ബി.ഗണേശ്‌കുമാറും പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറിയുടെ സർക്കുലർ നടപ്പാക്കും. ജനറൽ സെക്രട്ടറി പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ എൻ.എസ്.എസ്. ഇൻസ്‌പെക്ടർമാരും കരയോഗം സെക്രട്ടറിമാരും പ്രസിഡന്റുമാരും പ്രതിജ്ഞാബദ്ധമാണ്.

അതിന് ഒരു തടസ്സവുമില്ലെന്നും ഗണേശപിള്ള പറഞ്ഞു. ഇടതു മുന്നണിയുടെ ഭാഗമാണ് ഗണേശ് കുമാറെന്നോർക്കണം . ദീർഘനാൾ ഡയറക്ടർ ബോർഡ്അംഗമായിരുന്ന കലഞ്ഞൂർ മധുവിനെ വെട്ടിയിട്ടാണ് കഴിഞ്ഞ മാസം ഗണേശപിള്ള  എൻ എസ് എസിന്റെ ഡയറക്ടർ ബോർഡ് അംഗമായത് .

ഗണേശും തള്ളിപ്പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഷംസീറിന് രക്ഷയില്ല . സംരക്ഷിക്കേണ്ടവർ തള്ളിപ്പറഞ്ഞാൽ എങ്ങനെ പിടിച്ചുനിൽക്കാൻ പറ്റും ? നിരൂപാദികം മാപ്പ് പറഞ്ഞു രാജിവയ്‌ക്കേണ്ടി വരും . രണ്ടുവള്ളത്തിൽ കാൽ ചവുട്ടിനിൽക്കുന്ന ഗണേശപിള്ളേ , താങ്കൾ പറയാനിരിക്കുവായിരുന്നു ഷംസീർ രാജിവയ്ക്കാനും മാപ്പ് പറയാനും .

എൽ ഡി എഫിൽ നിന്നും ഇയാളെ എടുത്ത് തോണ്ടിക്കളയണം , എങ്കിലേ എൽ ഡി എഫ് ഗുണംപിടിക്കൂ . ഇല്ലെങ്കിൽ എൽ ഡി എഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കും . ഒരുകൂട്ടം നല്ല ആണിയുടെ കൂടെ ഒരു തുരുമ്പിച്ച ആണിയിരുന്നാൽ മതി , മറ്റുള്ള എല്ലാ ആനിയും തുരുമ്പിക്കാൻ .

Leave A Reply