ജ്വല്ലറികളിലും ഒരു തുണിക്കടയിലും മോഷണം നടത്തി ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു
ബാലരാമപുരം: ബാലരാമപുരത്ത് മൂന്ന് ജ്വല്ലറികളിലും ഒരു തുണിക്കടയിലും മോഷണം നടത്തി ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു.
പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ടവറിന് കീഴിലെ ഫോണുകളും പരിശോധിച്ചെങ്കിലും പ്രതിയിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല. ബാലരാമപുരം ജങ്ഷന് സമീപം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടന്ന മോഷണം പൊലീസിനെയും നാണക്കേടിലാക്കി.
ചെവ്വാഴ്ച രാത്രിയാണ് ബാലരാമപുരം ജങ്ഷന് സമീപത്തെ ജ്വല്ലറികളിലും വസ്ത്രശാലയിലും മോഷണം നടന്നത്. കമ്പിപ്പാരയുമായി മുഖം മറെച്ചത്തിയ യുവാവാണ് മോഷണം നടത്തുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്തിപ്പെടാൻ സാധിക്കാതെ പോകുന്നത് പൊലീസിനെ കുഴക്കുന്നു.
ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനോടകം നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ചു.