ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്ത്രീശാക്തീകരണം സംബന്ധിച്ച് ഇന്നു നടന്ന ജി20 മന്ത്രിതല സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, മഹാത്മാഗാന്ധിയുടെ പേരിലുള്ള നഗരമായ ഗാന്ധി നഗറിന്റെ രൂപീകരണ ദിനത്തിൽ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുകയും അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദർശിക്കാൻ അവർക്ക് അവസരം ലഭിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ പ്രശ്നങ്ങൾക്ക് അടിയന്തരവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗാന്ധിജിയുടെ ജീവിതശൈലിയുടെ ലാളിത്യവും സുസ്ഥിരത, സ്വാശ്രയത്വം, സമത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണപരമായ ആശയങ്ങളും ഗാന്ധി ആശ്രമത്തിൽ ഒരാൾക്ക് നേരിട്ട് കാണാൻ കഴിയുമെന്ന് വ്യക്തമാക്കി.
വിശിഷ്ടാതിഥികൾക്ക് ഇത് പ്രചോദനമാകുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു. ദണ്ഡി കുടീര മ്യൂസിയം സന്ദർശിക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗാന്ധിജിയുടെ പ്രസിദ്ധമായ ചർക്ക സമീപത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് ഗംഗാബെൻ എന്ന സ്ത്രീ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അന്നുമുതൽ ഗാന്ധിജി ഖാദി ധരിക്കാൻ തുടങ്ങിയെന്നും അത് സ്വയംപര്യാപ്തതയുടെയും സുസ്ഥിരതയുടെയും പ്രതീകമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
“സ്ത്രീകൾ അഭിവൃദ്ധി പ്രാപിക്കുമ്പോൾ ലോകവും അഭിവൃദ്ധി പ്രാപിക്കുന്നു”. അവരുടെ സാമ്പത്തിക ശാക്തീകരണം വളർച്ചയ്ക്ക് ഊർജം പകരുന്നുവെന്നും വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ പ്രവേശനം ആഗോള പുരോഗതിയെ നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ നേതൃത്വം ഉൾക്കൊള്ളലിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ശബ്ദം ഗുണപരമായ മാറ്റത്തിന് പ്രചോദനം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.