പോളച്ചിറ ഏലായില്‍ നെല്‍കൃഷിക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിയതോടെ പ്രതീക്ഷയിൽ കർഷകർ
ചാത്തന്നൂര്‍: പോളച്ചിറ ഏലായില്‍ നെല്‍കൃഷിക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിയതോടെ പ്രതീക്ഷയിൽ കർഷകർ. കൃഷി പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഏല പ്രദേശത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള നടപടികളായി. ഇതിനായുള്ള കരാർ നടപടി പൂർത്തിയായി. ജി.എസ്. ജയലാൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അഞ്ചുലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത്. സാങ്കേതിക തടസ്സങ്ങൾ മാറി തുക കെ.എസ്.ഇ.ബിക്ക് കൈമാറിയതിനെ തുടർന്നാണ് കരാർ നടപടികളിലേക്ക് നീങ്ങിയത്.
നിലവിൽ 100 കെ.വിയുടെ ട്രാൻസ്ഫോർമറാണ് ഇവിടെയുള്ളത്. ഏല പ്രദേശത്തെ വെള്ളം വറ്റിച്ചു നെൽകൃഷിയിറക്കുന്നതിനായി 50 ലക്ഷം രൂപ ചെലവാക്കി സ്ഥാപിച്ച ഉഗ്രശേഷിയുള്ള പമ്പുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി നിലവിലുള്ള ട്രാൻസ്ഫോർമറിൽ നിന്നും ലഭ്യമാകാതെ വന്നതോടെയാണ് പുതിയത് സ്ഥാപിക്കേണ്ടി വന്നത്. ഇതിനാവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ 160 കെ.വി.എയുടെ പുതിയ ട്രാൻസ്ഫോർമറാണ് സ്ഥാപിക്കുന്നത്.
കെ.എസ്.ഇ.ബിയിൽനിന്ന് ട്രാൻസ്ഫോർമർ എത്തിയാലുടൻ തന്നെ ഏല പ്രദേശത്ത് സ്ഥാപിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മതിയായ വൈദ്യുതി ലഭിക്കാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി പോളച്ചിറ ഏല പ്രദേശത്തെ വെള്ളം വറ്റിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെ ചിറക്കര പഞ്ചായത്തിന്റെ ‘ഒരു നെല്ലും മീനും’ പദ്ധതിയും മുടങ്ങി. ചിറക്കര ബ്രാൻഡ് നാടൻ അരിയും വിപണിയിലെത്തിക്കാൻ കഴിഞ്ഞില്ല. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതോടെ ഏല പ്രദേശത്തെ വെള്ളം യഥാസമയം വറ്റിച്ച് നെൽകൃഷി നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.