കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയുമായി അശുപത്രിയിലേക്ക് പോയ ആംബുലൻസ് വഴിതിരിച്ച് വിട്ട സംഭവത്തിൽ കേസെടുത്ത് മനുഷ്യവകാശ കമ്മീഷൻ. രോഗിയുമായി എത്തിയ ആംബുലൻസ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത് മൂലം വഴിതിരിഞ്ഞ് പോകേണ്ടി വന്നതായിരുന്നു സംഭവം. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് കോഴിക്കോട് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന് മുന്നിലെ റോഡിന് കുറുകെ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു ആംബുലൻസ് അകപ്പെട്ടത്. ബാരിക്കേഡ് അഴിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്ന് ആംബുലൻസ് മറ്റൊരു വഴിയിലൂടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. യൂത്ത് കോൺഗ്രസ് മാർച്ച് തടയാനായിരുന്നു പോലീസ് ബാരിക്കേഡ് കെട്ടിവച്ച് റോഡ് ഗതാഗതം തടഞ്ഞത്.
ആദ്യം തന്നെ ബാരിക്കേഡ് മാറ്റാൻ ഡ്രൈവർ പോലീസുകാരോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തുണ്ടായിരുന്നവരും ഇക്കാര്യം പോലീസിനോട് പറയുന്നുണ്ട്. അവസാനം ബാരിക്കേഡ് തുറക്കാനായി കയർ അഴിച്ചുമാറ്റാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ, ആംബുലൻസ് മടങ്ങിപ്പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള സൂചനാ ബോർഡ് വച്ചിരുന്നുവെന്നും ഇത് ശ്രദ്ധിക്കാതെയാണ് ആംബുലൻസ് ഡ്രൈവർ വന്നതെന്നുമാണ് പോലീസിന്റെ വിശദീകരണം.