വയനാട്: വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഫോസ്‌കോസ്’ എന്ന പേരില്‍ ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ജില്ലയില്‍ ലൈസന്‍സ് ഡ്രൈവ് നടത്തും. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ഡ്രൈവിന്റെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ സംരംഭകര്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍, ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ റജിസ്‌ട്രേഷന്‍ മാത്രം എടുത്തു പ്രവര്‍ത്തിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലൈസന്‍സ് പരിശോധന കര്‍ശനമാക്കുന്നത്. പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് നേടുന്നതു വരെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
ആഗസ്റ്റ് ഒന്നിനു ശേഷം ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ലൈസന്‍സ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. ജീവനക്കാരെ ഉള്‍പ്പെടുത്താതെ സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നവര്‍, പെറ്റി റീടെയ്‌ലര്‍, തെരുവുകച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്‍ക്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാം.