തൃശ്ശൂർ: ചാനൽ ചർച്ചകളിൽ സജീവമായിരുന്ന ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെ പാർട്ടിയിൽ നിന്നും തരംതാഴ്ത്തണമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് നിലവിൽ വൈശാഖൻ. തരംതാഴ്ത്താനുള്ള ശുപാർശയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി.
ഇന്നലെ ചേർന്ന തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം എൻ വി വൈശാഖനെതിരായ പരാതി ചർച്ച ചെയ്തിരുന്നു. നേരത്തേ തന്നെ വൈശാഖനെതിരെ സിപിഎം നടപടിയെടുത്തിരുന്നു. ഡിവൈഎഫ്ഐയുടെ ജില്ലാ ജാഥയുടെ ക്യാപ്റ്റനായിരുന്ന വൈശാഖനെ സ്ഥാനത്ത് നിന്നും നീക്കിയതായിരുന്നു ആദ്യത്തെ നടപടി. പിന്നാലെ ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹത്തോട് നിർബന്ധിത അവധിയിൽ പോകാനും ആവശ്യപ്പെട്ടു. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ ശക്തമായ മുഖവും സജീവ സാന്നിധ്യവുമായിരുന്ന വൈശാഖനെതിരായ പരാതി പോലീസിന് കൈമാറാൻ സിപിഎം തയ്യാറാകണമെന്ന് നേരത്തെ തന്നെ കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.