പൊതു വിപണിയില്‍ പരിശോധന ശക്തമാക്കി കാസർഗോഡ് ജില്ലാ കളക്ടര്‍

കാസർഗോഡ്: പൊതുവിപണിയിലെ പരിശോധന ശക്തമാക്കി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ് പരിസരത്തെ മുപ്പതോളം കടകളില്‍ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സൂപ്പര്‍മാര്‍ക്കറ്റ്, പച്ചക്കറിക്കടകള്‍, പലചരക്ക് കടകള്‍, ചിക്കന്‍ സ്റ്റാളുകള്‍, ബേക്കറികള്‍, മാര്‍ക്കറ്റിനകത്തെ കടകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. എല്ലാ കടകളിലും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പലചരക്ക് കടകളിലെ അഞ്ചോളം വ്യത്യസ്ത ഇനങ്ങളിലുള്ള മുളകുകള്‍ക്ക് ഓരോന്നിനും മുകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കുന്ന പ്ലക്കാര്‍ഡുകള്‍ നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. റോഡരികില്‍ കച്ചവടം നടത്തുന്ന കച്ചവടക്കാരോടും വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

പരിശോധനയില്‍ എ.ഡി.എം കെ.നവീന്‍ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ എ.സാജിദ്, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.വി.ദിനേശന്‍, കാസര്‍കോട് താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.അനില്‍കുമാര്‍, കെ.പി.ബാബു, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എം.രതീഷ്, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്ത്, സപ്ലൈ ഓഫീസ് ഹെഡ്ക്ലര്‍ക്ക് ബി.ബി.രാജീവ്, ഡ്രൈവര്‍മാരായ പി.ബി.അന്‍വര്‍, പി.അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply