രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സിപിഐ നേതൃത്വം; മുഹമ്മദ് മുഹ്സിനോട് വിശദീകരണം തേടും

പാലക്കാട്: ജില്ലാ കൗൺസിലിൽ നിന്നും രാജിവച്ചെന്ന വാർത്ത വന്ന പശ്ചാത്തലത്തിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനോട് സിപിഐ ജില്ലാ നേതൃത്വം വിശദീകരണം തേടും. മാധ്യമങ്ങളിൽ വാർത്ത വന്ന സാഹചര്യത്തിലാണ് വിശദീകരണം തേടുന്നത്. ഇന്നലെ ചേർന്ന സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. മുഹ്സിന്റെ രാജിക്കത്ത് ജില്ലാ നേതൃത്വത്തിന് ലഭിക്കാത്തതിനാൽ ഇക്കാര്യത്തിൽ ചർച്ചയുണ്ടായില്ല.

പാലക്കാട് ജില്ലാ കൗൺസിലിൽ നിന്നുള്ള നേതാക്കളുടെ രാജി വിഷയം ആഗസ്റ്റ് അഞ്ചിന് ചേരുന്ന ജില്ലാ കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം മണ്ണാർക്കാട്, പട്ടാമ്പി, നെന്മാറ മണ്ഡലം കമ്മിറ്റികളിൽ പുതിയ സെക്രട്ടറിമാർക്ക് സിപിഐ ചുമതല നൽകി. മൂന്ന് മണ്ഡലം കമ്മിറ്റികളിലെയും അംഗങ്ങളുടെ രാജി നേതൃത്വം സ്വീകരിച്ചു.

Leave A Reply