ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റുന്ന പ്രവർത്തനങ്ങളെകുറിച്ച് ആഴത്തിൽ ചർച്ചചെയ്യാൻ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. 12ന് ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏഴ് വേദികളിൽ വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയിൽ 18 സർക്കാർ സ്ഥാപനങ്ങളും പതിനാറോളം സർക്കാരിതര സ്ഥാപനങ്ങളും പങ്കാളികളാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഏഷ്യ-പസഫിക് ലിനക്‌സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ജൂലിയൻ ഗോർഡൻ, ഐ.ഐ.എസ്.സി. ബാംഗ്ലൂരിലെ ഡോ. നരസിംഹമൂർത്തി എന്നിവർ ഉദ്ഘാടന സമ്മേലനത്തിൽ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു, ശശി തരൂർ എം.പി., ഡോ. തോമസ് ഐസക് തുടങ്ങിയവരും പങ്കെടുക്കും. പ്രൊഫഷണൽ കോളജുകളിൽ കെ-ഡിസ്‌ക് സംഘടിപ്പിക്കുന്ന ഐഡിയാത്തോണിൽ വിജയികളായ 1000 പേർക്കുള്ള ‘കേരള വിഷൻ 2035’ ആണ് ഉദ്ഘാടന ദിവസത്തെ പ്രധാന പരിപാടി.

അനുബന്ധ വേദികളിലായി സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ, എക്‌സിബിഷനുകൾ, കോൺഫറൻസുകൾ, സാംസ്‌കാരിക പരിപാടികൾ, ഫിലിം പ്രദർശനങ്ങൾ തുടങ്ങിയവ ഉണ്ടാവും. എല്ലാ ദിവസവും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.

ഫ്രീഡം ഫെസ്റ്റിന്റെ മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓഗസ്റ്റ് 5 മുതൽ 12 വരെ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തും. അധ്യയന സമയം നഷ്ടപ്പെടുത്താതെയായിരിക്കും ഇത്. സ്വതന്ത്ര സോഫ്‌റ്റ് വെയർ ആശയ പ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ ഉപയോഗവും കൂടി ലക്ഷ്യമിട്ടാണ് പ്രചാരണം. ഓഗസ്റ്റ് 9-ന് സ്‌കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് 2023-മായി ബന്ധപ്പെട്ട സന്ദേശം വായിക്കും.

നൂതന സാങ്കേതിക വിദ്യകളും സ്റ്റാർട്ടപ്പുകളും സാധാരണക്കാരിലേക്കും കൂടി എത്തിക്കുക എന്ന പ്രധാന ലക്ഷ്യവും ഫ്രീഡം ഫെസ്റ്റ് മുന്നോട്ട് വയ്ക്കുന്നു. പ്രമുഖ സ്റ്റാർട്ട് അപ്-കളുടെയും ഇ-ഗവേണൻസ്, സ്വതന്ത്ര വിജ്ഞാന സംരംഭങ്ങളുടെയും പ്രദർശനങ്ങൾ മേളയുടെ മുഖ്യ ആകർഷണമായിരിക്കും.

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ഡോ. തോമസ് ഐസക് ചെയർമാനായ അക്കാദമിക് കമ്മിറ്റിയും വി.ശിവൻകുട്ടി ചെയർമാനും വി.കെ. പ്രശാന്ത് എം.എൽ.എ. ജനറൽ കൺവീനറായ സംഘാടക സമിതിയും പ്രവർത്തിച്ചുവരുന്നുണ്ട്. വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഫ്രീഡം ഫെസ്റ്റ് 2023-മായി സഹകരിച്ച് പ്രവർത്തിക്കാൻ സോപാധിക അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. www.freedomfest2023.in എന്ന വെബ്‌സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണെന്നും എന്ന മന്ത്രി പറഞ്ഞു.

മാറുന്ന കാലത്തിനനുസരിച്ച് വിജ്ഞാനത്തിന്റെ സ്വതന്ത്ര മേഖലകളിലേക്ക് കടന്നുചെല്ലാൻ കെൽപ്പുള്ളവരാക്കുന്ന വിവിധ വിഷയമേഖലകൾ, ഫെസ്റ്റ് കൈകാര്യം ചെയ്യുമെന്ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇൻക്ലൂഷൻ ആൻഡ് ഇന്നൊവേഷൻ, സസ്‌റ്റൈനബിൾ ആൻഡ് ഇക്വിറ്റബിൾ ഡെവലപ്‌മെന്റ്, ഇന്റർനെറ്റ് ഗവേർണൻസ്, ബ്യൂട്ടി ഓഫ് ലൈഫ്, ജിനോമിക്‌സ്, മെഡിക്കൽ ടെക്‌നോളജി, സൈബർ നിയമം, മീഡിയാ ഫ്രീഡം, കേരള എന്റർപ്രൈസ് ആർകിടെക്ചർ, ഡിജിറ്റൽ വിദ്യാഭ്യാസം, ബ്ലോക്ക് ചെയിൻ തുടങ്ങിയ വിവിധ മേഖലകൾ മുഖ്യവേദിയിൽ ചർച്ച ചെയ്യും. വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ വിഷയങ്ങളിലെല്ലാം രാജ്യാന്തര പ്രസിദ്ധരായ വിദഗ്ധർ ആണ് പങ്കെടുക്കുന്നത്.

ഓഗസ്റ്റ് 12 ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടക്കുന്ന പ്രൊഫഷണൽ മീറ്റിൽ വിദ്യാർഥികളുമായി ഐ.ഐ.ടി. മദ്രാസിലെ പ്രൊഫ. ടി. പ്രദീപ്, മെഡ്ജിനോം സി.ഇ.ഒ. സാം സന്തോഷ്, മുരളി തുമ്മാരുകുടി, മനൂസ് ബയോ എം.ഡി. അജികുമാർ പാറയിൽ, കൊച്ചിൻ ഷിപ്യാർഡ് സി.എം.ഡി. ഡോ. മധു എസ്. നായർ, ഡോ. ഇരുദയരാജൻ തുടങ്ങിയവർ സംവദിക്കും. തുടർന്ന് 2023-ലെ കേരളത്തിന്റെ രൂപകല്പനയെ കുറിച്ചുള്ള യങ് പ്രെഫഷണൽ മീറ്റിന്റെ ആശയ ക്രോഡീകരണം ഡോ. ടി.എം. തോമസ് ഐസക്കും എസ്.ഡി. ഷിബുലാലും (ഇൻഫോസിസ്) നടത്തും. നെറ്റ് വർക്കിംഗ് ഓഫ് പ്രൊഷണൽ സെഷനിൽ വ്യവസായ മന്ത്രി പി.രാജീവ് സംസാരിക്കും.

ഓഗസ്റ്റ് 13-ന് (രണ്ടാം ദിവസം) മുഖ്യവേദിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കാരങ്ങളെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സംസാരിക്കും. തുടർന്ന് ഐ.ഐ.ടി. മദ്രാസിലെ പ്രൊഫ. ഗൗരവ് റെയ്‌ന, ഐ.ഐ.റ്റി ബാംഗ്ലൂരിലെ പ്രൊഫ. പാണ്ഡുരംഗ, ട്രാൻസ്‌ഫോം യൂറോപ്പ് ബ്രസൽസിന്റെ ഡോ. റോളണ്ട് കുൽകെ, സബ്രിയെ റ്റെൻബർക്കൻ, പോൾ ക്രോണൻ ബർഗ്, പ്രബീൽ പുർക്കായസ്തെ തുടങ്ങിയവർ സംസാരിക്കും. ഇന്റർനെറ്റ് ഗവേണൻസിന്റെ പ്രത്യേക സെഷനിൽ ഇന്റർനെറ്റ് സൊസൈറ്റി യു.കെ.യിലെ ഒളിവർ ക്രെപിൻ, അമൃത ചൗധരി തുടങ്ങിയവർ സംബന്ധിക്കും. കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന ബ്യൂട്ടി ഓഫ് ലൈഫിൽ നടൻ മോഹൻ അഗാഷേ, നടി ഗൗതമി, തിരക്കഥാകൃത്ത് അൻജും രാജമൂർത്തി തുടങ്ങിയവർ സംസാരിക്കും.

ഓഗസ്റ്റ് 14 ന് ലോക്കൽ ഗവേണൻസിൽ തദ്ദേശഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് പ്രത്യേക പ്രഭാഷണം നടത്തും. ജിനോമിക്‌സ് മെഡിക്കൽ ടെക്‌നോളജി, സൈബർ ലാ, മീഡിയ ഫ്രീഡം എന്നിവയാണ് സെഷനുകൾ, ഡോ. വിനോദ് സ്‌കറിയ (ഐ.ജി.ഐ.ബി. ന്യൂഡൽഹി) ഡോ. നീൽ ശങ്കർ (യു.എസ്.എ.) ഡോ. രാംചന്ദ് സി. (മാഗ്ജിനോം), ഡോ. യു.സി. ജലീൽ (ഓപ്പൺ സോഴ്‌സ് കോവിഡ് ഫൗണ്ടേഷൻ), അപർ ഗുപ്ത (ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഇൻഡ്യ), പർമീന്ദർജീത് സിംഗ്, ഋഷഭ് ബെയ്‌ലി തുടങ്ങിയവർ സംസാരിക്കും. മീഡിയ ഫ്രീഡം എന്ന വിഷയത്തിൽ പത്രപ്രവർത്തകരായ രാവിഷ് കുമാർ, ജോസി ജോസഫ്, മുഹമ്മദ് സുബൈർ എന്നിവർ നേതൃത്വം നൽകും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫിനാൻസ് ഇൻ ന്യൂ കേരള എന്ന വിഷയത്തിൽ പ്രത്യേക പ്രഭാഷണവും നടത്തും.

അവസാന ദിവസം (ഓഗസ്റ്റ് 15) ഇ-ഗവേണൻസ് സെമിനാറിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, മുൻ പ്രതിരോധ സെക്രട്ടറി ഡോ. അജയ കുമാർ, ഐ.ഐ.എം.-ലെ ഡോ. ശ്രീജിത്ത്, ഐ.ടി. സെക്രട്ടറി ഡോ. രത്തൻ ഖേൽകർ എന്നിവർ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ഡിജിറ്റൽ എഡ്യൂക്കേഷൻ കോൺക്ലേവ് 2023-ൽ മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി, അഖില രാധാകൃഷ്ണൻ (യുണിസെഫ്), ഗുരുമൂർത്തി കാശിനാഥ് (ഐ.ടി. ഫോർ ചേഞ്ച്) എന്നിവരുടെ പ്രഭാഷണമുണ്ടാകും.

വേദി രണ്ടിൽ ഓഗസ്റ്റ് 13-ന് ഡിജിറ്റൽ സുരക്ഷയിലും ഓപ്പൺ സോഴ്‌സ് ലൈസൻസിലും വർക്ക്‌ഷോപ്പ് നടക്കും. ഓഗസ്റ്റ് 14-ന് ബ്ലോക്ക്‌ചെയിൻ വെബ് 3.0 ആൻഡ് ഡാപ്പ് ഡെവലപ്‌മെന്റിലാണ് ശില്പശാല. മൂന്നാം ദിവസം ഡിജിറ്റൽ എഡ്യൂക്കേഷൻ കോൺക്ലേവാണ്. വേദി മൂന്നിൽ ആദ്യ ദിവസം വിക്കി സംഗമവും പ്രൊഫഷണൽ നെറ്റ് വർക്കിന്റെ കോൺക്ലേവുമാണ്. എഫ്.എസ്.എം.ഐ. യുടേയും ഡി.എ.കെ.എഫ്.ന്റെയും ജനറൽ കൗൺസിലുകൾ രണ്ടാം ദിവസവും സമകാലിക ശാസ്ത്ര-സാങ്കേതിക വിപ്ലവവും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ മൂന്നാം ദിവസവും ശില്പശാല നടക്കും. വേദി നാലിൽ ആദ്യ ദിനം സ്‌ക്രൈബസ്, ഓപ്പൺ സ്ട്രീറ്റ് മാപ്, കൃത, എക്‌സ്‌പൈസ് തുടങ്ങിയവയിലാണ് ശില്പശാലകൾ. എമർജൻസി റെസ്‌പോൺസ് സപ്പോർട്ട്, സൈബർ ഫോറൻസിക്, ഡിജിറ്റൽ സർവെ മിഷൻ എന്നിവയുടെ അവതരണം രണ്ടാം ദിവസം നടക്കും. കേരളത്തിലെ മികച്ച ഇ-ഗവേണൻസ് സംരംഭങ്ങളെക്കുറിച്ചുള്ള ലൈറ്റിങ്ങ് ടോക്‌സ് ഈ ദിനത്തിന്റെ പ്രത്യേകതയാണ്. ലൂക്കയുടെ നേതൃത്വത്തിലുള്ള സയൻസ് കമ്മ്യൂണിക്കേഷൻ വർക്ക്‌ഷോപ്പ്, ഓപ്പൺ ഹാർഡ് വെയർ, നിർമിത ബുദ്ധിയും മാധ്യമങ്ങളും, ശില്പശാലകൾ തുടങ്ങിയ സമാന്തര സെഷനുകൾ ആറോളം വേദികളിലായി ഓഗസ്റ്റ് 13 മുതൽ 15 വരെ നടത്തും. വി കെ പ്രശാന്ത് എം.എൽ.എ, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply