വിൽനിയുസ്: യുക്രെയ്ന്റെ നാറ്റോ സഖ്യപ്രവേശനത്തിന് സമയപരിധി വയ്ക്കാനാകില്ലെന്ന് നാറ്റോ. സഖ്യരാഷ്ട്രങ്ങൾ അംഗീകരിക്കുകയും നിബന്ധനകൾ പാലിക്കുകയും ചെയ്താൽ യുക്രെയ്നെ നാറ്റോയുടെ ഭാഗമാക്കാമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. ഉടൻ നാറ്റോ അംഗമാകാമെന്ന യുക്രെയ്ന്റെ മോഹത്തിനു തിരിച്ചടിയാണു തീരുമാനം.
നാറ്റോ അംഗത്വം വൈകുന്നതിലുള്ള യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ വിമർശനത്തിന് പിന്നാലെയാണ് സ്റ്റോൾട്ടൻബർഗിന്റെ പ്രസ്താവന. അംഗത്വം ലഭിക്കാൻ സമയനിബന്ധന മുന്നോട്ടുവച്ചതിനെ ‘അസംബന്ധം’ എന്നു സെലെൻസ്കി വിമർശിച്ചിരുന്നു. നാറ്റോ പരാജയമാണെന്നും യുക്രെയ്ൻ പ്രസിഡന്റ കുറ്റപ്പെടുത്തിയിരുന്നു.