യു.എ.ഇയിലെ എൻ.എം.സി, കമ്പനി സ്ഥാപകനും ഇന്ത്യക്കാരനുമായ ബി.ആർ ഷെട്ടിക്കെതിരെ 400കോടി ഡോളറിന്റെ വഞ്ചനാക്കുറ്റം ആരോപിച്ച് കേസ്. അബൂദബിയിലും ബ്രിട്ടനിലും ഫയൽ ചെയ്ത കേസിൽ ഷെട്ടിക്ക് പുറമെ, കമ്പനി മുൻ ചീഫ് എക്സിക്യൂട്ടീവ് പ്രശാന്ത് മങ്ങാട്ട്, ബാങ്ക് ഓഫ് ബറോഡ എന്നിവർക്കെതിരെയും വഞ്ചനാക്കുറ്റം ആരോപിച്ചിട്ടുണ്ട്. കമ്പനി അഡ്മിനിസ്ട്രേട്ടറെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
1975ലാണ് ഷെട്ടി അബൂദബി കേന്ദ്രമായി എൻഎംസി സ്ഥാപിക്കുന്നത്. ചെറിയ ഒരു ക്ലിനിക്ക് ആയി ആരംഭിച്ച സ്ഥാപനം പിന്നീട് യുഎഇയിലെ ആരോഗ്യസേവരംഗത്ത് മികച്ച ബ്രാൻഡായി വളരുകയും ചെയ്തു. 2018ലാണ് കമ്പനി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്. പിന്നീട് 2019ൽ കമ്പനിയുടെ ആസ്തി പെരുപ്പിച്ച് കാട്ടി എന്ന റിപ്പോർട്ട് പുറത്തു വരികയും ഷെട്ടിയുടെ സ്വത്തുവകകൾ മരവിപ്പിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. തുടർന്ന് എൻഎംസിയുടെ ഉടമസ്ഥാവകാശം അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലേക്ക് മാറി. ഷെട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള യുഎഇ എക്‌സ്‌ചേഞ്ച് ഉൾപ്പടെയുള്ള സ്ഥാപനങ്ങളെയും ആരോപണങ്ങൾ കാര്യമായി ബാധിച്ചു. ആയിരക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്.