മുഖംമിനുക്കി കിയ സെല്‍റ്റോസ്; വില ഉടന്‍ പ്രഖ്യാപിക്കുമെന്ന് കമ്പനി

കിയ പ്രേമികളുടെ പ്രിയ മോഡലായ സെല്‍റ്റോസ് കിടിലന്‍ മാറ്റങ്ങളുമായി വീണ്ടും ഒരുങ്ങിയിരിക്കുന്നത്. ADAS പോലുള്ള സേഫ്റ്റി ഫീച്ചറുകളെല്ലാം അണിനിരത്തിയാണ് കിയ ഇത്തവണ എത്തുന്നത്. ഇതിനായി കാത്തിരിക്കുന്നവരെ അധികം മുഷിപ്പിക്കാതെ ബ്രാന്‍ഡ് കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിനായുള്ള വില പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

2023 സെല്‍റ്റോസിന്റെ വില ഈ മാസം അവസാനത്തോടെ ആഭ്യന്തര വിപണിയില്‍ പ്രഖ്യാപിക്കും. എന്തായാലും നിലവിലുണ്ടായിരുന്ന മോഡലിനേക്കാള്‍ വില കൂടുതല്‍ മുടക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. പ്രത്യേകിച്ച് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റമെല്ലാം എസ്യുവിയിലേക്ക് എത്തിയതിനാല്‍. എങ്കിലും വിലയില്‍ വലിയൊരു കുതിച്ചു ചാട്ടമുണ്ടാകില്ല.

ടെക് ലൈന്‍, ജിടി ലൈന്‍, X ലൈന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റ് തലങ്ങളില്‍ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് തെരഞ്ഞെടുക്കാം. ടെക് ലൈനിനെ HTE, HTK, HTK+, HTX, HTX+ എന്നിങ്ങനെ അഞ്ച് ട്രിമ്മുകളായി കിയ തിരിക്കും. ജൂലൈ 14-നാണ് പുതിയ മിഡ്-സൈസ് എസ്യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുക. സിംഗിള്‍ ടോണ്‍, ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ പുതിയ മിഡ്-സൈസ് സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാനാവും.

പുതിയ പ്യൂറ്റര്‍ ഒലിവര്‍, ക്ലിയര്‍ വൈറ്റ്, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ്, ഇന്റെന്‍സ് റെഡ്, ഇംപീരിയല്‍ ബ്ലൂ എന്നിവയാണ് സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍. ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളില്‍ അറോറ ബ്ലാക്ക് ഉള്ള ഗ്ലേസിയര്‍ വൈറ്റ് പേള്‍ എന്നിവയാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇനി 2023 കിയ സെല്‍റ്റോസ് ഫെയ്ലിഫ്റ്റിന്റെ ഡിസൈന്‍ പരിഷ്‌ക്കാരങ്ങളിലേക്ക് നോക്കിയാല്‍ ശരിക്കും പുതുമയാര്‍ന്ന ലുക്കുമായാണ് എസ്യുവിയുടെ വരവ്.

എക്സ്റ്റന്‍ഡഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്ലീക്കര്‍ എല്‍ഇഡി ഹെഡ്ലാമ്ബുകള്‍, വിശാലമായ എയര്‍ ഇന്‍ടേക്കും ലോവര്‍ ട്രിമ്മുകളുമുള്ള പുതുക്കിയ ബമ്ബര്‍ എന്നിവയാണ് മുന്‍വശത്തെ പുതിയ കാഴ്ച്ചകള്‍. ഇതോടൊപ്പം പുതുതായി രൂപകല്‍പ്പന ചെയ്ത ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, തിരശ്ചീനമായ എല്‍ഇഡി ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന വിപരീത L-ആകൃതിയിലുള്ള എല്‍ഇഡി സിഗ്നേച്ചറുകളുള്ള പിന്‍വശം, പുതിയ സ്‌കിഡ് പ്ലേറ്റുകളോടെ മിനുക്കിയ ബമ്ബര്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് മാറ്റങ്ങള്‍.

പുറത്തെ പോലെ അകത്തും നിരവധി നവീകരണങ്ങള്‍ കൊണ്ടുവരാന്‍ കിയക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിന് ഇപ്പോള്‍ രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളുള്ള ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം ലഭിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പുതുതായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന HVAC വെന്റുകള്‍, ഡ്യുവല്‍ പാന്‍ സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, ആറ് എയര്‍ബാഗുകള്‍ എന്നിവയെല്ലാമാണ് ഇന്റീരിയറിന് പ്രീമിയം ഫീല്‍ നല്‍കുന്നത്.

പഴയ 1.5 ലിറ്റര്‍ NA ഫോര്‍-സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകള്‍ അതേപടി നിലനിര്‍ത്തിയ കിയ ഇന്ത്യ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിലേക്ക് പവര്‍ഫുള്ളായ പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ കൂടി അവതരിപ്പിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ആറ് സ്പീഡ് iMT ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന് പരമാവധി160 bhp കരുത്തില്‍ 253 Nm torque വരെ നല്‍കാനാവുമെന്നത് പെര്‍ഫോമന്‍സ് പ്രേമികളെ ആകര്‍ഷിക്കുന്ന കാര്യമാണ്.

Leave A Reply