ചേർത്തല: സ്വകാര്യ ബസുകളിലെ തൊഴിലാളികളുടെ കുടിപ്പക ഒഴിയുന്നില്ല. വീണ്ടും ഒരു ബസുകൂടി തകർത്തു. തുറവൂർ നാലുകുളങ്ങരയിൽ ഇട്ടിരുന്ന ബസിന്റെ മുന്നിലെ ചില്ലാണ് തകർത്തത്. എറണാകുളം സ്വദേശിയും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ എം.ബി. സത്യന്റെ ഉടമസ്ഥതയിൽ ചേർത്തല-എറണാകുളം റൂട്ടിലോടുന്ന ബസിനു നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞയാഴ്ച ചേർത്തലയിൽ ആറു ബസ് തുടർച്ചയായി രണ്ടുതവണ ആക്രമിക്കപ്പെട്ടിരുന്നു. നാലുകുളങ്ങരയിൽ ഞായറാഴ്ച രാത്രി ആക്രമണമുണ്ടായതായാണ് കണക്കാക്കുന്നത്. കുത്തിയതോട് പൊലീസിൽ പരാതി നൽകി. ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റി സംഭവത്തില്‍ ചേര്‍ത്തല ഡിവൈ.എസ്.പിക്ക് പരാതി നല്കി. തുടർച്ചയായുണ്ടാകുന്ന ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച ചേര്‍ത്തലയിലുണ്ടായ അക്രമം തൊഴിലാളി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു. രണ്ടുതവണ ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ എട്ടുലക്ഷത്തോളം നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ ആറ് ബസുകളുടെ ചില്ലുകൾ തകർന്ന ശേഷം പുതിയത് മാറ്റി പിറ്റേദിവസം ആറ് ബസുകളുടെ ചില്ലുകളും തകർത്തിരുന്നു. അന്നു നടന്ന ആക്രമണത്തിലെ രണ്ടുപേരെ ചേര്‍ത്തല പൊലീസ് പിടികൂടിയിരുന്നു.