അരൂർ: അരൂർ പൊലീസ് സ്റ്റേഷൻ ഇല്ലായ്മകളിൽ നട്ടംതിരിയുന്നു. സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കണമെന്ന ലക്ഷ്യത്തോടെ സ്റ്റേഷൻ നെട്ടോട്ടമോടാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു. ഇപ്പോൾ വാടകക്കെടുത്ത ചന്തിരൂർ സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണ് പരിമിതികളുമായി അരൂർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 400 സ്ക്വയർ ഫീറ്റ് വിസ്തീർണം മാത്രമുള്ള കെട്ടിടത്തിൽ തിങ്ങിഞെരുങ്ങിയാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
പ്രതികളെ സൂക്ഷിക്കാൻ സെൽ സൗകര്യമില്ലാത്തതിനാൽ ഇക്കഴിഞ്ഞദിവസം പ്രതി ഓടിപ്പോയ സംഭവമുണ്ടായി. പൊലീസുകാരുടെ ജാഗ്രതകൊണ്ട് പ്രതിയെ ഉടനെ പിടികൂടാൻ കഴിഞ്ഞു. ഡെസ്കിന്റെ കാലിലും മറ്റുമാണ് പ്രതികളെ ബന്ധിച്ച് ഓടിപ്പോകാതെ സൂക്ഷിക്കുന്നത്. മതിയായ സ്ഥലമില്ലാത്ത ഇവിടെ വനിത പൊലീസ് ഉദ്യോഗസ്ഥരടക്കം നാൽപതോളംപേർ ജോലിചെയ്യുന്നുണ്ട്.
പല കേസുകളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷന്റെ പിന്നിലാണ് ഇപ്പോൾ കിടക്കുന്നത്. ഇതുമൂലം സഹകരണ സംഘത്തിന് മറ്റു കെട്ടിടങ്ങൾ നിർമിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. എ.എം. ആരിഫ് എം.എൽ.എ ആയിരിക്കുമ്പോൾ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് ഒരുകോടി ആഭ്യന്തരവകുപ്പ് അനുവദിച്ചിരുന്നു. സ്ഥലം സ്വന്തമായി കണ്ടെത്തണം എന്നായിരുന്നു നിബന്ധന.
അരൂർ, എഴുപുന്ന എന്നീ രണ്ടു പഞ്ചായത്തുകളുടെ ക്രമസമാധാന ചുമതല അരൂർ പൊലീസ് സ്റ്റേഷനാണ്. അരൂരിൽ പലയിടത്തും സർക്കാർ വകുപ്പുകളുടെ ഭൂമി കിടക്കുന്നുണ്ടെങ്കിലും പൊലീസ് സ്റ്റേഷനുവേണ്ടി സ്ഥലം കണ്ടെത്താൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങുന്നില്ല