ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഡൽഹിയിൽ യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലും ഉയർന്നത് ആശങ്ക ശക്തമാക്കി. യമുനയിലെ അപകടരമായ ജലനിരപ്പ് 205.33 മീറ്ററാണ്. നിലവിൽ ജലനിരപ്പ് 206. 24 മീറ്റർ കവിഞ്ഞതായി കേന്ദ്രജലകമീഷൻ അറിയിച്ചു. ഹരിയാനയിലെ ഹാഥ്‌നിക്കുണ്ഡ് അണക്കെട്ടിൽ നിന്നും ജലനിരപ്പ് കുതിച്ചുയർന്ന സാഹചര്യത്തിൽ ഡൽഹിയിൽ അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്‌ന്നമേഖലകളിൽ നിന്നും ആളുകളെ കൂട്ടത്തോടെ മാറ്റിപാർപ്പിക്കുന്നുണ്ട്.
അതേസമയം, ഡൽഹിയിൽ മഴസാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താതിരുന്നത് തിരിച്ചടിയായെന്ന വിമർശവുമായി ലെഫ്.ഗവർണർ വി കെ സക്‌സേന രംഗത്തെത്തി. യമുനയിലെ ജലനിരപ്പ് ഉയരുമെന്ന കാര്യം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, അതിന് അനുസൃതമായ മുൻകരുതൽ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. റഓടകൾ സമയത്തിന് വൃത്തിയാകാത്തത് കനത്തവെള്ളക്കെട്ടിന് കാരണമായതായും ലെഫ്.ഗവർണർ വിമർശിച്ചു.