സഞ്ചാരികളുടെ എണ്ണത്തിൽ വർധന: വിനോദനികുതി ഏർപ്പെടുത്താൻ നീക്കം

ആര്യങ്കാവ് ∙ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വിനോദസഞ്ചാരികൾ എത്തുന്നതു വർധിച്ചതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലരുവി, അച്ചൻകോവിൽ കുംഭാവുരുട്ടി, മേക്കാട്, തകരപ്പുര വെള്ളച്ചാട്ടങ്ങളിലും അമ്പനാട് തേയിലത്തോട്ടം മേഖലയിലും വിനോദ നികുതി ഏർപ്പെടുത്താൻ നീക്കം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊലീസ്, വനംവകുപ്പ് ആരോഗ്യവകുപ്പ് മോട്ടർ വാഹന വകുപ്പ് വ്യാപാരികൾ എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികൾ ഓട്ടോ ടാക്സി ജീവനക്കാർ എന്നിവരുടെ യോഗം ഗ്രാമപ്പഞ്ചായത്ത് വിളിച്ചു ചേർത്തു. പഞ്ചായത്തിലെ വിനോദസഞ്ചാര മേഖലയിൽ അടിയന്തരമായി നടപ്പിലാക്കേണ്ട മുൻകരുതൽ നടപടികൾ വിലയിരുത്തി.  ടൂറിസവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാലരുവി, കുംഭാവുരുട്ടി. മേക്കാട്, തകരപ്പുര വെള്ളച്ചാട്ടങ്ങൾ അമ്പനാട് തേയിലത്തോട്ടം എന്നീ മേഖലകളിൽ സന്ദർശന ഫീസിനത്തിൽ വാങ്ങുന്ന തുകയിൽ നിശ്ചിത തുക വിനോദ നികുതിയായി ഈടാക്കണമെന്ന നിർദേശം അംഗീകരിച്ചു.

നികുതിയായി ലഭിക്കുന്ന ഫണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പ്രദേശവാസികളുടെയും ഉന്നമനത്തിനായി ഉപയോഗിക്കാനാണു ശ്രമം. പാലരുവി,കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങൾ വനംവകുപ്പിന്റെ നിയന്ത്രണത്തിലും മേക്കാട്, തകരപ്പുര വെള്ളച്ചാട്ടം അമ്പനാട് തേയിലത്തോട്ടം എന്നിവ സ്വകാര്യ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ അധീനതയിലുമാണ്. അമ്പനാട് തോട്ടം മേഖലകളിൽ എത്തുന്ന സഞ്ചാരികളിൽ നിന്ന് മാനേജ്മെന്റ് പ്രവേശനഫീസ് ഈടാക്കുന്നുണ്ട്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുജാതോമസിന്റെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രമണി, പഞ്ചായത്തംഗങ്ങളായ ജസീന്ത റോയ്, മാമ്പഴത്തറ സലിം, ബിനിത ബിനു, ശാന്തകുമാരി, ആർ.പ്രദീപ്, തോമസ് മൈക്കിൾ, പി.രാജു, ബിനു മാത്യു, പി.ബി.അനിൽ മോൻ, വി.എസ്.സോമരാജൻ, കെ.എ.പ്രദീപ്, എ.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply