പെരിനാട് ∙ പഞ്ചായത്ത് പരിധിയിൽ തെരുവു നായ ശല്യം രൂക്ഷം. മലയാള മനോരമ ഏജന്റ് ചെറുമൂട് സ്വദേശി പ്രദീപിന് തെരുവു നായയുടെ കടിയേറ്റു. ഇന്നലെ രാവിലെയോടെ കുന്നത്ത് മുക്കിന് സമീപത്താണ് സംഭവം. ബൈക്കിലെത്തി പത്ര വിതരണം നടത്തുന്നതിനിടെ കാലിൽ തെരുവു നായ കടിക്കുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.
പെരിനാട് പഞ്ചായത്തിലെ ചെറുമൂട്, വെള്ളിമൺ, ഭാഗത്ത് തെരുവു നായ്ക്കളുടെ ശല്യം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെറുമൂട് ഭാഗത്ത് വീടുകളിലെ ആടുകളെയും തെരുവു നായ്ക്കൾ ആക്രമിച്ചിരുന്നു. പുലർച്ചെ നടക്കാനിറങ്ങുന്നവർക്കും സ്കൂൾ വിദ്യാർഥികൾക്കും തെരുവു നായ്ക്കൾ ഭീഷണി ഉയർത്തുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ എബിസി പദ്ധതി പുന:രാരംഭിക്കാനും തെരുവു നായ്ക്കളുടെ ശല്യം ഇല്ലാതാക്കാനും നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.