തൃശൂർ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പരസ്യം അച്ചടിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്‌തകങ്ങളുടെ വിൽപ്പന നിർത്തിവെക്കാൻ സാംസ്‌കാരിക വകുപ്പിന്റെ നിർദേശം. പരസ്യം അച്ചടിച്ചത് വിവാദമായ സാഹചര്യത്തിലാണ് നടപടി. ‘കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം’ എന്ന ലോഗോ പതിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 സാഹിത്യഗ്രന്ഥങ്ങളുടെ വിൽപ്പനയാണ് ഇതോടെ റദ്ദായത്.
ഡോ. എം ലീലാവതിയുടെ മലയാള കവിതാ സാഹിത്യ ചരിത്രം, ഡോ. വയലാ വാസുദേവപിള്ളയുടെ മലയാള നാടക സാഹിത്യ ചരിത്രം 2005, കെഎ ജയശീലന്റെ സമാഹരിച്ച കവിതകള്‍, കെപി ജയശങ്കര്‍ എഴുതിയ ജീവിതോത്സാഹനത്തിന്റെ ഉപനിഷത്ത്, വൈലോപ്പിള്ളി കവിതാ പാഠങ്ങള്‍ എന്നിങ്ങനെ 30 പുസ്തകങ്ങളുടെ പുറംചട്ടയിലാണ് രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ പരസ്യമുള്ളത്.
സർക്കാർ വാർഷികത്തിന്റെ ഭാഗമായി നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങൾ ആണിവ. സാഹിത്യരചനകളുടെ പുറംചട്ടയിൽ സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച ലോഗോ അച്ചടിച്ചത് വിവാദമായി മാറിയിരുന്നു. വിഷയത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ അടക്കം സംസ്ഥാന സർക്കാരിനെ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാംസ്‌കാരിക വകുപ്പിന്റെ ഇടപെടൽ. എന്നാൽ ലോഗോ പതിച്ച് സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങൾ ഇനി വിറ്റഴിക്കരുതെന്ന ഉത്തരവു ലഭിച്ചെട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ പറഞ്ഞു. ലോഗോ സംബന്ധിച്ചു ഉയർന്നു വന്ന വിവാദം അവസാനിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.