മാസങ്ങളെത്തും മുൻപെ ക്യാമറകൾ തകരാറിലായി

പോത്തൻകോട് ∙ വ്യാപാരി–വ്യവസായികൾ ധനശേഖരണം നടത്തി വർഷങ്ങൾക്കു മുൻപ് പോത്തൻകോട് ജംക്ഷൻ, മേലേമുക്ക്, താഴെമുക്ക്, ഗവ. യുപിഎസ് ജംക്ഷൻ വെഞ്ഞാറമ്മൂട്ടിലേക്കു പോകുന്ന റോഡിൽ ബസ്ടെർമിനലിന്റെ വശത്തുമായി നിരീക്ഷണ ക്യാമറകൾ വാങ്ങി സ്ഥാപിച്ചിരുന്നു. മാസങ്ങളെത്തും മുൻപെ ക്യാമറകൾ തകരാറിലായി. ഇതുവരെയും നന്നാക്കിയിട്ടില്ല. ഇന്നലെയും പോത്തൻകോട് ബസ്ടെർമിനലിൽ വിദ്യാർഥികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. ബസ്ടെർമിനലിലും നടു റോഡിലും അടി പതിവായത് പൊലീസിന് തലവേദനയായിട്ടുണ്ട്. പുലർച്ചെ നാലുമുതൽ തടിച്ചു കൂടുന്ന അതിഥി തൊഴിലാളികളിലും കുഴപ്പക്കാരുണ്ട്. സമീപകാലത്ത് കംപ്യൂട്ടർ സെന്ററിലെത്തിയ ഒരു യുവതിയുടെ സ്കൂട്ടർ പരസ്യമായി കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നു. പരാതി വന്നെങ്കിലും പ്രതി ആരെന്ന് ഇതുവരെ കണ്ടെത്താനായില്ല. കഞ്ചാവ് അടക്കം ലഹരി സാധനങ്ങളുടെ വിൽപനയും പുലർച്ചെ ഇവിടെ തകൃതിയായി നടക്കുന്നുണ്ടെന്നാണ് വിവരം.

സിസിടിവി ക്യാമറകളുടെ തകരാറു പരിഹരിച്ച് പ്രവർത്തനക്ഷമമായാൽ പൊലീസിനും പ്രശ്നങ്ങൾ പരിഹരിച്ച് കാര്യക്ഷമമായി മുന്നോട്ടു പോകാനാകും. അനധികൃത പാർക്കിങ് , അപകടങ്ങൾ എന്നിവ അതാത് സമയത്ത് കണ്ടെത്തി നടപടിയെടുക്കാനുമാകും. വ്യാപാരികൾ മുന്നിട്ടിറങ്ങി ആറു വർഷം മുൻപ് ഏഴു ലക്ഷം ചെലവിട്ടാണ്  ഒൻപതോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. പൊലീസ് സ്റ്റേഷനിൽ ഇരുന്ന് പ്രവർത്തനം നിരീക്ഷിക്കാനാകുന്ന സംവിധാനമാണ് ഒരുക്കിയിരുന്നത്. എന്നാൽ ഏറെ നാൾ കഴിയും മുൻപ് വെഞ്ഞാറമൂട് ഭാഗത്ത് മതിലിനോട് ചേർത്ത് സ്ഥാപിച്ചിരുന്ന ക്യാമറയുടെ പ്രവർത്തനം നിലച്ചു. പിന്നീട് മറ്റു ക്യാമറകളും തുടരെ കേടാവുകയായിരുന്നു.പോത്തൻകോട് പഞ്ചായത്ത് ഈ സാമ്പത്തിക വർഷത്തിൽ ക്യാമറ സ്ഥാപിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും 5 മാസത്തിനകം അവശ്യം വേണ്ട സ്ഥലങ്ങളിൽ സ്ഥാപിക്കുകയും നിലവിലെ ക്യാമറകളുടെ കേടുപാടുകൾ പരിഹരിക്കുമെന്നും പ്രസിഡന്റ് ടി.ആർ അനിൽകുമാർ അറിയിച്ചു.

Leave A Reply