തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായ ഡോ. ഷെറി ഐസക്കിന്റെ സ്വത്തുക്കളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോക്ടറുടെ വീട്ടില്‍ നടത്തിയ റെയ്‌ഡിൽ 15 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഇഡിക്ക് പുറമേ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലും ഷെറി ഐസക്കിന്റെ സ്വത്തുക്കളിന്മേല്‍ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ഷെറി ഐസക് ചികിത്സ നല്‍കിയിരുന്നത് പണം നല്‍കുന്നവര്‍ക്ക് മാത്രമെന്ന് വിജിലന്‍സ് സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഓട്ടുപാറയിലെ ക്ലിനിക്കിന് സമീപത്തെ മെഡിക്കല്‍ ഷോപ്പ് വഴിയാണ് ഇയാൾ കൈക്കൂലിത്തുക ഉറപ്പിച്ചിരുന്നത്. ക്ലിനിക്കില്‍ ഡോക്ടറെ കാണാനുള്ള ബുക്കിങ്ങും മെഡിക്കല്‍ ഷോപ്പ് വഴിയായിരുന്നു. ഡോക്ടറുടെ ഫീസും ശസ്ത്രക്രിയയ്ക്ക് നല്‍കേണ്ട തുകയും മെഡിക്കല്‍ഷോപ്പ് ആണ് രോഗികളെ അറിയിച്ചിരുന്നതെന്നും വിജിലന്‍സ് പറയുന്നു.
ഷെറി ഐസക്കിനെതിരെ നിരവധി ഫോണ്‍ കോളുകളാണ് വിജിലന്‍സ് സംഘത്തിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലായത്. പാലക്കാട് സ്വദേശിയാണ് ഡോക്ടര്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഡോക്ടര്‍ കൈക്കൂലി വാങ്ങിയതായാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.