ആലപ്പുഴ: കോടംത്തുരുത്ത് ഗ്രാമപഞ്ചായത്തിൽ ഒന്നര പതിറ്റാണ്ടില്‍ ഏറെയായി തകര്‍ന്നു കിടക്കുന്ന എം.വി. പുരുഷന്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ദലീമ ജോജോ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പുനര്‍ നിര്‍മ്മിക്കുന്നത്. ആസ്തിവികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ അനുവദിച്ച് നേരത്തെ 500 മീറ്റര്‍ നീളത്തില്‍ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തില്‍ അനുവദിച്ച 35 ലക്ഷം രൂപ ഉള്‍പ്പെടെ 50 ലക്ഷം രൂപയാണ് ആസ്തിവികസന ഫണ്ടില്‍ നിന്ന് റോഡിന്റെ നവീകരണത്തിനായി വകയിരുത്തിയിരിക്കുന്നത്.
കോടംതുരുത്ത് പഞ്ചായത്ത് എട്ട്, ഒമ്പത് വാര്‍ഡുകളില്‍ കൂടി കടന്ന് പോകുന്ന റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കു മുന്നോടിയായുള്ള ഫൈനല്‍ മെഷര്‍മെന്റും അലൈന്‍മെന്റും തയ്യാറാക്കാന്‍ പട്ടണക്കാട് ബ്ലോക്ക് എഞ്ചിനീയറിംഗ് വിഭാഗം കോടംതുരുത്തില്‍ എത്തിയിട്ടുണ്ട്. റോഡ് പരിശോധന നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള എല്ലാകാര്യങ്ങളും ഉറപ്പാക്കുമെന്നും ദലീമ ജോജോ എം. എല്‍. എ പറഞ്ഞു.