പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കും; മന്ത്രി കെ രാധാകൃഷ്ണൻ

തൃശൂർ: ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഡിസംബർ 31നുള്ളിൽ എത്തിച്ച് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, പാർലമെന്ററികാര്യ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. അന്തിക്കാട് ബ്ലോക്ക് പരിധിയിലെ നേട്ടങ്ങൾ കൈവരിച്ച് അഭിമാനമായവരെ അനുമോദിക്കുന്നതിന് ചാഴൂർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആദരം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളുകളിൽ ഡിജിറ്റൽ സൗകര്യങ്ങൾ, ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടെ എത്തിച്ച് ആദിവാസി ജനവിഭാഗത്തെ സമ്പൂർണ്ണ സാക്ഷരതയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും. എല്ലാ മനുഷ്യരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് മെച്ചപ്പെട്ട വിദ്യാഭ്യാസം പങ്ക് വഹിക്കുന്നു എന്നതിന് വലിയ ഉദാഹരണമാണ് കേരളം. അതുകൊണ്ടാണ് കേരളം എല്ലാം രംഗത്തും മോഡൽ ആവുന്നതെന്നും മന്ത്രി പറഞ്ഞു. നീതി ആയോഗ് സൂചികയിൽ കേരളത്തിലെ അതിദരിദ്രരുടെ കണക്ക് പ്രകാരം 0.7 ശതമാനം മാത്രമാണ്. ഈ കണക്കനുസരിച്ച് നിലവിൽ 64006 അതിദരിദ്ര കുടുംബങ്ങളാണ് ഉള്ളത്. 2025 നവംബറിനുള്ളിൽ അതിദരിദ്രർ ഇല്ലാത്ത നാടായി കേരളത്തെ മാറ്റുമെന്നും മന്ത്രി കൂട്ടിചേർത്തു.

സ്കൂളുകളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കി മികച്ച നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള വിദ്യാഭ്യാസ സഹായത്തിന് എംഎൽഎ ഓഫീസിൽ എത്തിയാൽ മതിയെന്ന സാഹചര്യം ഇവിടുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സി സി മുകുന്ദൻ എം എൽ എ പറഞ്ഞു.

അന്തിക്കാട് ബ്ലോക്ക് പരിധിയിൽ നൂറു ശതമാനം വിജയം കൈവരിച്ച സ്കൂളുകൾ, എസ് എസ് എൽ സി, പ്ലസ്ടു ക്ലാസുകളിൽ ഫുൾ എപ്ലസ് നേടിയവർ, കായികരംഗത്ത് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾ, 2021- 22 വർഷത്തെ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ സാജൻ മാഷ്, ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉന്നത വിജയം നേടിയ താന്ന്യം സ്കൂൾ, അരങ്ങ് 2023 ഘോഷയാത്രയിൽ രണ്ടാം സ്ഥാനം നേടിയ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കീഴിൽ വരുന്ന സി ഡി എസ് ഗ്രൂപ്പുകൾ, ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ ചാഴൂർ പഞ്ചായത്തിലെ ഹരിത കർമ്മസേന തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു

ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ സ്വാഗതം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, വി എൻ സുർജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ ടി ബി എന്നിവർ മുഖ്യതിഥികളായി.

താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, ചാഴൂർ ഗ്രാമപഞ്ചായത്ത് കെ വി ഇന്ദുലാൽ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ, അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി ആർ രമേഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി തിലകൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എസ് നജീബ്, ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ എം ജയദേവൻ, ബ്ലോക്ക് സെക്രട്ടറി ഇൻ ചാർജ്ജ് ഷോളി ടി ടി , ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ സി കെ കൃഷ്ണകുമാർ , സിന്ധു ശിവദാസ് , ലത മോഹൻ , കെ രാമചന്ദ്രൻ , സീനത്ത് മുഹമ്മദലി, സീന അനിൽകുമാർ, അബ്ദുൾ ജലീൽ, സെൽജി ഷാജു, വാർഡ് മെമ്പർ ശ്രീരാഗ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply