ഒന്നരവയസുകാരിയായ മകളെ വീടിന് പുറത്തേക്കെറിഞ്ഞ സംഭവത്തിൽ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം: മദ്യലഹരിയിൽ ഒന്നരവയസുകാരിയായ മകളെ വീടിന് പുറത്തേക്കെറിഞ്ഞ സംഭവത്തിൽ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറവൻപാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകന്റെ (35) അറസ്റ്റാണ് ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
എസ്.എ.ടി.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. പൊലീസ് കസ്റ്റഡിയിലായിരുന്ന മുരുകന്റെ ഭാര്യ മാരിയമ്മയെ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മുരുകനും ഭാര്യ മാരിയമ്മയും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും തർക്കത്തിനിടെ മകളെ വീടിന് പുറത്തേക്കെറിയുകയുമായിരുന്നു.
നാട്ടുകാരിൽ നിന്നും അയൽവാസികളിൽ നിന്നും ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരുകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കുടുതൽ വകുപ്പ് ചുമത്തുമെന്നും പൊലീസ് പറഞ്ഞു.