ശാസ്താംകോട്ട: കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളി ഉദയ ജങ്ഷനും ആഞ്ഞിലിമൂടിനും ഇടയിൽ നിൽക്കുന്ന തണൽ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. കുറ്റിയിൽമുക്കിനും ഐ.സി.എസ് ജങ്ഷനും ഇടയിലുള്ള ഏഴ് മരങ്ങളാണ് മറിഞ്ഞുവീഴുന്ന തരത്തിൽ ചരിഞ്ഞ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം ഇതിൽ ഒരു മരം വീടിന് മുന്നിലേക്ക് വീണു.
മതിൽ ഉൾപ്പെടെ തകർത്തു മരം വീണുവെങ്കിലും തലനാരിഴക്ക് ആളപായം ഒഴിവായി. സ്കൂളിന് മുന്നിലടക്കം സുരക്ഷിതമാല്ലാത്ത നിലയിൽ മരങ്ങളുണ്ട്. വനം വകുപ്പിന്റെ തണൽമരം പദ്ധതി പ്രകാരം ഏതാനും വർഷം മുമ്പാണ് റോഡിൽ മരങ്ങൾ വച്ചുപിടിപ്പിച്ചത്. വലിയ ഉയരത്തിൽ വളർന്നതോടെ ഏതുസമയവും കടപുഴകി വീഴാവുന്ന വിധമായിട്ടുണ്ട്. ചില മരങ്ങളുടെ ചുവട്ടിൽ കേട് ബാധിച്ച നിലയിലുമാണ്.