തിരുവിതാംകൂര്‍ രാജഭരണകാലം പുരോഗതിയുടെ നാളുകളായിരുന്നെന്ന് ഡോ. ശശി തരൂര്‍ എം.പി
തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജഭരണത്തിന്റെ അവസാന വര്‍ഷങ്ങള്‍ അടിച്ചമര്‍ത്തലിന് കുപ്രസിദ്ധമാണെങ്കിലും അക്കാലം വ്യവസായിക പുരോഗതിയുടെയും അടിസ്ഥാന സൗകര്യവികസനത്തിന്റെയും നാളുകളായിരുന്നെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. മധുരൈ കാമരാജ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് മുന്‍ ചെയര്‍പേഴ്സണായിരുന്ന പ്രഫ.ഡി. ഡാനിയേല്‍ എഴുതിയ ‘ആന്റി മോണാര്ക്കിക്കല് കോൺഫ്ലിക്ട് ഇന്‍ കേരള 1931-1947’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജഭരണത്തിന്റെ അവസാന നാളുകളിലെ അതിക്രമങ്ങളുടെ വാര്‍ഷികവും അതിനെതിരെ പൊരുതിയവരുടെ അനുസ്മരണവുമെല്ലാം ആചരിക്കാറുണ്ട്. എന്നാൽ, ചിത്തിരതിരുനാളും ദിവാന് സി.പി. രാമസ്വാമി അയ്യരും വ്യവസായിക പുരോഗതിക്ക് നല്കിയ സംഭാവനകള്‍ക്ക് അല്പം കൈയടി നല്‍കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി ഡോ.വി. വേണു പുസ്തകം ഏറ്റുവാങ്ങി. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.ജി. രാധാകൃഷ്ണന് പുസ്തകം പരിചയപ്പെടുത്തി. കേരള സര്‍വകലാശാല ചരിത്രവിഭാഗം മേധാവി ഡോ. ഷാജി അനിരുദ്ധന് അധ്യക്ഷതവഹിച്ചു. പുസ്തകപ്രസാധകരായ ഫോളിയോയുടെ മേധാവി പി. രവീന്ദ്രന് നായര്‍ സ്വാഗതവും ഡോ. ഡാനിയേല്‍ നന്ദിയും പറഞ്ഞു.