ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ, നിർണായക തീരുമാനം ഇന്നുണ്ടായേക്കും

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ പിന്മാറിയിരുന്നു. ഹർജി ജസ്റ്റിസ് കൗസറിന്റെ ബെഞ്ചിൽ നിലനിൽക്കില്ലെന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ വാദം അംഗീകരിച്ചായിരുന്നു പിന്മാറ്റം.

ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി എം ശിവശങ്കർ നൽകിയ ഹർജി യഥാർഥമാണെന്ന് കരുതുന്നതായും, മെഡിക്കൽ റിപ്പോർട്ടിൽ നിന്നും അക്കാര്യം വ്യക്തമാണെന്നും അന്ന്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മെഡിക്കൽ രേഖകളിൽ സംശയമുള്ളതായാണ് ഇഡി നിലപാട്. നേരെത്തെ ആരോഗ്യ കാരണം ചൂണ്ടികാട്ടി ജാമ്യം നേടിയ ശേഷം സർവീസിൽ നിന്ന് വിരമിക്കും വരെ ഓഫിസിൽ പോയിരുന്നതായും ഇഡിചൂണ്ടികാട്ടിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ അഞ്ച് മാസമായി ജയിലിൽ കഴിയുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയുടെ പരിഗണിച്ചേക്കും. ഈ മാസം പന്ത്രണ്ടിന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഈ മാസം ഏഴാം തിയതി കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 നാണ് ശിവശങ്കർ അറസ്റ്റിലായത്. ഇതിന് ശേഷം ജാമ്യാപേക്ഷയുമായി ശിവശങ്കർ കൊച്ചിയിലെ പ്രത്യേക ഇ ഡി കോടതിയിലും ഹൈക്കോടതിയിലും എത്തിയിരുന്നെങ്കിലും ഇവയെല്ലാം തളളിയിരുന്നു. ഇതിന് ശേഷമാണ് ശിവശങ്കർ കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയിൽ ജാമ്യ ഹർജിയുമായി എത്തിയത്. ചികിത്സക്കായി ഇടക്കാല ജാമ്യം വേണമെങ്കിൽ ഹൈക്കോടതിയെ സമീപ്പിക്കാൻ ആദ്യമെ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനക്ക് ഇന്ന് എത്തുന്നത്.

Leave A Reply