പിവി അൻവറിന്റെ അനധികൃത ഭൂമി സർക്കാർ ഉടൻ പിടിച്ചെടുക്കണം; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിവി അൻവർ എംഎൽഎയുടെ അനധികൃത ഭൂമി ഉടൻ തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നടപടി പൂർത്തിയാക്കാൻ സമയം വേണമെന്ന സർക്കാരിന്റെ വാദം അപഹാസ്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ തലത്തിൽ അൻവറിന് വേണ്ടി വഴിവിട്ട സഹായം ലഭിച്ചുവെന്ന് വ്യക്തമാണ്. മാഫിയകളെയും കൊള്ളക്കാരെയും സഹായിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. സിപിഎമ്മുകാർ ഏറെ കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്ക്കരണ നിയമം ലംഘിച്ചാണ് അവരുടെ തന്നെ നേതാവ് മിച്ച ഭൂമി കൈവശംവച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും സുരേന്ദ്രൻ പറഞ്ഞു.

അൻവറിനെതിരെ നടപടികളുമായി മുന്നോട്ട് പോയ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ എൻകെ എബ്രഹാമിനെ സ്ഥലം മാറ്റിയത് സർക്കാർ ആർക്കൊപ്പമാണെന്ന് കൃത്യമായി തെളിയിക്കുന്നുണ്ട്. മടിയിൽ കനമുള്ളത് കൊണ്ടാണ് പിവി അൻവർ മാദ്ധ്യമങ്ങളെ ഭയപ്പെടുന്നത്. സത്യം പുറത്തെത്തുമെന്ന പേടികൊണ്ടാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത്. ഇത് കമ്മ്യൂണിസ്റ്റ് രാജ്യമല്ല, ഇന്ത്യയാണെന്ന് അൻവറും സംഘവും മനസിലാക്കണം. സംസ്ഥാന സർക്കാരിന് തുടർച്ചയായി ഹൈക്കോടതിയിൽ തിരിച്ചടിയേൽക്കുകയാണ്. കോട്ടയം തിരുവാർപ്പ് സംഭവത്തിലെ പൊലീസിന്റെ അലംഭാവം കോടതി ചൂണ്ടിക്കാണിച്ചത് ആഭ്യന്തരവകുപ്പിന് മുഖത്തേറ്റ പ്രഹരമാണ്. പത്തനംതിട്ടയിലെ മഗംളം ലേഖകൻ വിശാഖന്റെ ഫോൺ പിടിച്ചെടുത്ത സംഭവത്തിലും കേരള പൊലീസ് കോടതിയിൽ നാണംകെട്ടുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave A Reply