കഴിഞ്ഞ ദിവസം വാഴാനിക്കു സമീപമുള്ള കുറ്റിക്കാട്ടിൽ പ്രദേശത്ത് കാട്ടാനക്കൂട്ടം ജനവാസമേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തോട്ടങ്ങളിലെത്തി നൂറിലധികം വാഴകളും തെങ്ങുകളും മറ്റുമാണ് ആനക്കൂട്ടം നശിപ്പിച്ചത്. പലയിടത്തും പ്ലാവുകളിലെ ചക്കയും അകത്താക്കിയായിരുന്നു കുറ്റിക്കാട് മേഖലയിലാണ് കാട്ടാനകളുടെ വിഹാരം. കുറ്റിക്കാട് പരുന്തു വീട്ടിൽ ലീലാമ്മ, മാരിയിൽ സണ്ണി, പഴമ്പിള്ളി രാജു, മാടപ്പിള്ളിക്കുന്നേൽ ജോൺ, ഇമ്മട്ടി വീട്ടിൽ ബിജു, കദളി വീട്ടിൽ സുകു, പഴമ്പിള്ളി വീട്ടിൽ ജോണി, മാരിയിൽ കുര്യാക്കോസ് എന്നിവരുടെ തോട്ടങ്ങളിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. വാഴാനി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആനകൾ കൃഷി നശിപ്പിച്ച തോട്ടങ്ങളിലെത്തി നഷ്ടം വിലയിരുത്തി.
ഒന്നരവർഷത്തിലധികമായി വാഴാനി ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരും വാച്ചർമാരും ആനകളെ തുരത്താൻ നൈറ്റ് പട്രോളിങ് നടത്തുന്നു. ആന ഇറങ്ങുന്ന സ്ഥലങ്ങളിലെത്തി കാർബൈഡ് ഗൺ ഉപയോഗിച്ചാണ് ആനകളെ തുരത്തുന്നത്. വന്യമിത്ര പദ്ധതിയിലുൾപ്പെടുത്തി കുറ്റിക്കാട് മുതൽ മേലില്ലം വരെ ആറ് കിലോമീറ്റർ ദൂരം സൗരവേലി നിർമിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.വാഴാനി ഐ.ബി. മുതൽ വലിയതോട് വരെ 1.6 കിലോമീറ്റർ ദൂരത്തുള്ള സൗരവേലി അന്തിമഘട്ടത്തിലാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 3.68 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന സൗരവേലി ആനക്കൂട്ടം വന്ന് നശിപ്പിക്കാതിരിക്കുന്നതിനുള്ള മുൻകരുതലായി രാത്രികാലത്ത് സൗരവേലി ചാർജ് ചെയ്യുന്നുണ്ട്.