വേനൽ കടുത്തതോടെ ഡെലിവറി ജീവനക്കാർക്കുള്ള ആരോഗ്യ മുൻകരുതൽ ഉറപ്പാക്കാൻ സർക്കാരും കമ്പനികളും. വേനൽക്കാല ചട്ടങ്ങൾ പ്രകാരം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെ ബൈക്കുകളിൽ ഫുഡ് ഡെലിവറി പാടില്ല. ഈ സമയത്ത് കാറുകൾ മാത്രമേ ഉപയോഗിക്കാവൂ. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കരുതൽ നടപടികൾ സ്വീകരിക്കണം.
കഴിഞ്ഞ വർഷം മുതലാണ് ഡെലിവറി ജീവനക്കാർക്കും ഉച്ചവിശ്രമ ചട്ടങ്ങൾ ബാധകമാക്കിയത്. പുറം തൊഴിലിൽ ഏർപ്പെടുന്നവരുടെ വേനൽക്കാല ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് എല്ലാ വർഷവും ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 3.30 വരെ പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഷെഡ്യൂൾ ക്രമീകരിച്ചും വിശ്രമം അനുവദിച്ചും ശീതീകരണ സംവിധാനമുള്ള ഹെൽമറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷ പല കമ്പനികളും ഒരുക്കിയിട്ടുണ്ട്. മിക്കകമ്പനികളും സർക്കാർ നിർദേശം പാലിച്ച് പകൽ സമയം ബൈക്കിന് പകരം കാറുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.