സുനാമി കോളനിയിലെ അനധികൃത താമസം : 51 കുടുംബങ്ങൾക്ക് വീടൊഴിയാൻ നോട്ടീസ്

ചാവക്കാട് : കടപ്പുറം സുനാമി കോളനിയിൽ അനധികൃതമായി താമസിക്കുന്ന 51 വീട്ടുകാർക്ക് എത്രയും വേഗം വീടൊഴിയാൻ ആവശ്യപ്പെട്ട് ചാവക്കാട് താലൂക്ക് ഭൂരേഖ തഹസിൽദാർ നോട്ടീസ് നൽകി. കേരള ഭൂസംരക്ഷണ നിയമപ്രകാരമാണ് ഇവർക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇവർക്കായി മിനി സിവിൽ സ്‌റ്റേഷനിൽ ഹിയറിങ്ങും നടത്തി. മൂന്ന് വീടുകളുടെ പൂട്ട് തകർത്ത് അനധികൃതമായി താമസമാക്കിയവർക്കെതിരേ ക്രിമിനൽ കേസെടുക്കാൻ ആവശ്യപ്പെട്ട് തഹസിൽദാർ ചാവക്കാട് പോലീസിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

സുനാമി കോളനിയിൽ വീട് അനുവദിക്കപ്പെട്ട ഗുണഭോക്താക്കളിൽനിന്ന് വാടകയ്ക്ക് വാങ്ങി താമസിക്കുന്നവർക്കും പൂട്ടിക്കിടക്കുന്ന വീടുകളുടെ പൂട്ട് തകർത്ത് അനധികൃതമായി താമസിക്കുന്നവർക്കുമെതിരേ ശക്തമായ നടപടി വേണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതിനിടെയാണ് നടപടി. കഴിഞ്ഞ വർഷം ജൂലായിയിൽ ഇത്തരത്തിൽ അനധികൃതമായി താമസിക്കുന്ന 86 വീട്ടുകാർക്ക് താലൂക്ക് അധികൃതർ വീടൊഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ഏതാനും വീട്ടുകാരൊഴികെ ആരും ഒഴിഞ്ഞില്ല.

മാനുഷിക പരിഗണന നൽകി ഇവർക്ക് വീടൊഴിയാൻ ആറ് മാസം സമയം നൽകണമെന്ന ആവശ്യം ഉയർന്നതോടെ ഒഴിപ്പിക്കൽ നടപടികളും നടന്നില്ല. എന്നാൽ ഒരു വർഷമായിട്ടും ഇവരിൽ ഭൂരിഭാഗം പേരും ഒഴിഞ്ഞില്ലെന്ന് മാത്രമല്ല മൂന്ന് വീടുകളുടെ പൂട്ട് തകർത്ത് അനധികൃതമായി താമസം തുടങ്ങിയ സാഹചര്യവും ഉണ്ടായി. ഈ സാഹചര്യത്തിൽ ഇനി കടുത്ത നടപടികളിലേക്ക് കടക്കാനാണ് താലൂക്ക് അധികൃതരുടെ നീക്കം. നോട്ടീസ് കാലാവധി തീരുന്നതോടെ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ പോലീസ് സന്നാഹത്തോടെ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

 

Leave A Reply