എറണാകുളം: പറവൂരിൽ രോഗിയെ കയറ്റിയ ആംബുലൻസ് എടുക്കാൻ താമസിച്ചതിനാൽ രോഗി മരിച്ചതായി പരാതി. പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂർ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസിൽ രോഗിയെ കൊണ്ടുപോകാൻ പണം മുൻകൂർ വേണമെന്നായിരുന്നു ഡ്രൈവറുടെ നിലപാട്.
തുടർന്നാണ് രോഗിയെ കൊണ്ടുപോകാൻ വൈകിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ അസ്മയെ പറവൂർ താലൂക്ക് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. തുടർന്ന് സ്ഥിതി വളരെ ഗുരുതരമായതിനാൽ എറണാകുളത്തെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി റഫർ ചെയ്തു.
തുടർന്ന് ആശുപത്രി അധികൃതർ തന്നെ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ഏർപ്പാടാക്കി നൽകുകയായിരുന്നു. എന്നാൽ രോഗിയെ ആംബുലൻസിലേക്ക് കയറ്റിയ ശേഷം ഡ്രൈവർ ആന്റണി ബന്ധുക്കളോട പണം മുൻകൂർ ആവശ്യപ്പെടുകയായിരുന്നു. 900 രൂപ കിട്ടാതെ വാഹനമെടുക്കില്ലെന്ന് ഇയാൾ പറഞ്ഞു. ഇയാൾ പണം ആവശ്യപ്പെട്ട സമയത്ത് ഇത്രയും തുക ബന്ധുക്കളുടെ കയ്യിലില്ലത്തതിനാൽ എറണാകുളത്തെത്തിയാൽ പണം നൽകാമെന്ന് വ്യക്തമാക്കി. എന്നാൽ പണം മുൻകൂറായി ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഇയാൾ വാശി പിടിച്ചു. പണമില്ലെങ്കിൽ വേറെ ആംബുലൻസിൽ കൊണ്ടുപോകുവെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് പണം എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു.