മാനന്തവാടിയില്‍ പള്ളിയുടെ ഗ്രോട്ടോ തകര്‍ത്ത കേസ്; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പൊക്കി പോലീസ്

വയനാട്: പിലാക്കാവ് സെന്റ് ജോസഫ്‌സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത് വി. അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച കേസിൽ പ്രതികളായ മൂന്ന് പേരെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎം അബ്ദുള്‍ കരീമും സംഘവും അറസ്റ്റുചെയ്തു. ഒണ്ടയങ്ങാടി സ്വദേശി അമിത് ടോം രാജീവ് (24), എരുമത്തെരുവ് സ്വദേശി റിവാള്‍ഡ് സ്റ്റീഫന്‍ (23), പിലാക്കാവ് സ്വദേശി മുഹമ്മദ് ഇന്‍ഷാം (20) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമുള്ള വിവിധവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂവര്‍ സംഘം മദ്യലഹരിയില്‍ പരസ്പരമുണ്ടായ ബഹളത്തിനും കയ്യാങ്കളിക്കുമിടയില്‍ ഗ്രോട്ടോ തകര്‍ത്തതായാണ് പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. ഇവര്‍ മദ്യശാലയിൽ ഒരുമിച്ചിരിക്കുന്നതും, ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്റേയും മറ്റും സിസിടിവി ദൃശ്യമടക്കമുള്ള തെളിവുകളും പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്ത് മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Leave A Reply