നേപ്പാളിൽ വിനോദസഞ്ചാര ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു.എവറസ്റ്റ് കൊടുമുടി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കാണാനായി സർവീസ് നടത്തുന്ന മാനാംഗ് എയറിന്റെ വിനോദസഞ്ചാര ഹെലികോപ്റ്റർ കാഠ്മണ്ഡുവിന് വടക്കുകിഴക്കുള്ള സോലുഖുംബു ജില്ലയിലെ ലിഖു മേഖലയിൽ െവച്ചാണ് തകർന്നുവീണത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല.നേപ്പാൾ സ്വദേശിയായ പൈലറ്റ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു ഇവയെന്നും അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിലെ ത്രിഭുവൻ ആശുപത്രിയിലെത്തിച്ചു.
നേപ്പാളിൽ മഴക്കാലം എത്തിയതോടെ മെയ് മാസത്തിൽ ടൂറിസ്റ്റ്, പർവതാരോഹണ സീസൺ അവസാനിച്ചിരിക്കയാണ്. ഈ സമയത്ത്, ദൃശ്യപരത കുറയുന്നതും പ്രവചനാതീതമായ കാലാവസ്ഥയും കാരണം പർവതങ്ങളിലേക്കുള്ള വിനോദസഞ്ചാര വിമാനങ്ങൾ കുറവാണ്.