പാലക്കുന്ന് : കോട്ടിക്കുളത്തെ റെയിൽവേ നടപ്പാലത്തിലൂടെ നടക്കുന്നവർ സൂക്ഷിക്കണം, അടിതെറ്റിയാൽ ഊർന്ന് താഴെയുള്ള റെയിൽപാളത്തിലേക്ക് വീണേക്കാം.
കോട്ടിക്കുളത്തെ റെയിൽവേ നടപ്പാല (എഫ്.ഒ.ബി. 1191 എ)ത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപിച്ച ഇരുമ്പുവല തുരുമ്പെടുത്ത് നശിച്ചതാണ് ഈ അപകട സാധ്യതക്ക് കാരണം.നടപ്പാലത്തിന് 35 മീറ്റർ നീളവും 2.65 മീറ്റർ വീതിയുമാണ്. സുരക്ഷിതത്വത്തിനായാണ് ഇരുവശത്തും 1.75 മീറ്റർ ഉയരത്തിൽ പ്രത്യേക ഇരുമ്പുവല പിടിപ്പിച്ചിരിക്കുന്നത്.
കിഴക്കുഭാഗത്തെ ചവിട്ടുപടികൾ കയറിയെത്തുന്നിടത്ത് മൂന്നരമീറ്റർ നീളത്തിൽ ഇരുമ്പുവല ദ്രവിച്ചതായി കാണാം. ദ്രവിച്ച വല വീണുപോകാതിരിക്കാൻ ആരോ കയറുകൊണ്ട് കെട്ടിവെച്ചിട്ടുണ്ട്.നടപ്പാലത്തിന്‍റെ ഓരം ചേർന്ന് പോകുന്ന കുട്ടികളെയാണ് ഈ ഭാഗം പേടിപ്പെടുത്തുന്നത്. റെയിൽവേയുടെ ഉയർന്ന പ്രസരണശേഷിയുള്ള വൈദ്യുതക്കമ്പികൾ നടപ്പാലത്തിന്‍റെ തൊട്ടുതാഴെക്കൂടിയാണ് കടന്നു പോകുന്നത്.
പാലത്തിന്‍റെ അവസാന പരിശോധന നടന്നത് 2018-ലായിരുന്നു. യാത്രക്കാരുടെ അറിവിലേക്കായി പാലക്കാട് ഡിവിഷൻ അധികൃതർ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ നടപ്പാതയുടെ അടുത്ത പരിശോധന ഈ വർഷം ഒക്ടോബറിലുണ്ടാകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതിനുമുൻപ് അപകടമൊന്നും സംഭവിക്കരുതേയെന്നാണ് നാട്ടുകാരുടെ പ്രാർഥന.