മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജരേഖ നൽകി പതിനഞ്ചോളം സ്ത്രീകളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ. ബെംഗളൂരു ബാനശങ്കരി സ്വദേശി കെ ബി മഹേഷ് എന്ന യുവാവാണ് ഡോക്ടർ എന്ന വ്യാജേനെ ആറുവർഷത്തിനിടെ പതിനഞ്ചിലധികം സ്ത്രീകളെ കെണിയിലാക്കിയത്. ബെംഗളൂരു സ്വദേശിനിയായ ടെക്കി യുവതിയുടെ പരാതിയിലാണ് 35-കാരൻ അറസ്റ്റിലായത്.
ഡോക്ടറെന്ന വ്യാജേന ടെക്കി യുവതിയെ പരിചയപ്പെടുകയും തുടർന്ന് വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്തെന്നും കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മഹേഷിനെ അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന തട്ടിപ്പ് രഹസ്യം പുറം ലോകം അറിയുന്നത്.
ഡോക്ടർ ആണെന്ന് പറഞ്ഞായിരുന്നു ടെക്കി യുവതിയെ വിവാഹം ചെയ്യുന്നത്. സ്വർണവും പണവും അടക്കം സ്ത്രീധനവും വാങ്ങിയിരുന്നു.
തനിക്ക് മറ്റൊരു ക്ലിനിക്ക് ആരംഭിക്കാൻ 70 ലക്ഷം രൂപ ആവശ്യമാണെന്ന് ആവശ്യമാണെന്നും മാസങ്ങൾക്കകം തിരികെ നൽകാമെന്നും മഹേഷ് പറഞ്ഞു. ഇത്രയും പണം നൽകാൻ കഴിയില്ലെന്ന് യുവതി പറഞ്ഞതോടെ മഹേഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇയാളുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തു.
യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മഹേഷിനെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി സ്ത്രീകളെ താൻ വിവാഹം ചെയ്തെന്ന വിവരം യുവാവ് വെളിപ്പെടുത്തിയത്.