തളങ്കര : കാണാൻ പൊട്ടിപ്പൊളിഞ്ഞ കളിക്കോപ്പുകളും മാലിന്യക്കൂമ്പാരവും മാത്രമായി തായലങ്ങാടി സീവ്യൂ പാർക്ക്. പഴകി തുരുമ്പിച്ചു കൂപ്പുകുത്തിയ നിലയിലാണ് ഇരിപ്പിടം.
നഗരത്തിൽനിന്ന് മാറി കുടുംബത്തോടൊപ്പം സായാഹ്നം ചെലവഴിക്കാനായി ഒന്നും ഇപ്പോൾ പാർക്കിലില്ല. കുട്ടികൾക്കായി ഒരുക്കിയ വിനോദസാമഗ്രികൾ പൊളിഞ്ഞുകിടക്കുകയാണ്.ശൗചാലയം തുറക്കാറേയില്ല. വേലിയേറ്റത്തിൽ ഒഴുകിയെത്തുന്ന മാലിന്യം പാർക്കിൽ അടിഞ്ഞുകൊണ്ടിരിക്കുകയാണ്. തീരത്തോട് ചേർന്ന് നിർമിച്ച കൈവരിയുടെ ഒരുഭാഗം പൊളിഞ്ഞുവീണിരിക്കുകയാണ്.
പാർക്ക് നവീകരണത്തിനായി നഗരസഭ പല പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഒന്നും കാണാനില്ലാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.ചുരുക്കത്തിൽ മനുഷ്യർക്ക് കയറാൻ കൊള്ളാത്തിടമായി മാറിയിരിക്കുകയാണ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച പാർക്ക്. കാസർകോട് സീവ്യൂ പാർക്കിൽ തകർന്നു കിടക്കുന്ന നിർമിതികൾ, മറുഭാഗത്ത് ഭാഗത്ത് മാലിന്യം തള്ളിയതും കാണാം.