നീലേശ്വരം : പള്ളിക്കരയിലെ റെയിൽവേ ഗേറ്റ് കടന്നിറങ്ങുന്നത് നേരേ ദേശീയപാതയിലെ പാതാളക്കുഴിയിലേക്ക്. മഴയിൽ കുഴിയേതാണെന്ന് അറിയാതെ വീഴും.മഴയില്ലെങ്കിൽ കുഴി കൃത്യമായി കാണാമെങ്കിലും ഇടത്തോട്ടോ വലത്തോട്ടോ വെട്ടിച്ചാൽ തൊട്ടടുത്ത വണ്ടിയുമായി കൂട്ടിയിടിക്കും. ദേശീയപാതയിലെ പള്ളിക്കര ലെവൽക്രോസ് കടക്കാൻ കുഴികൾ കുറേ താണ്ടണം.
റെയിൽവേ ഗേറ്റിനോട് തൊട്ടടുത്ത് ദേശീയപാതയുടെ മധ്യത്തിലായി വലിയൊരു കുഴിയുണ്ട്. ഈ കുഴിയിൽ വീഴാതിരിക്കാനുള്ള തത്രപ്പാടിലാണ് പലപ്പോഴും റെയിൽവേ ഗേറ്റിൽ വാഹനങ്ങൾ ഇടിക്കുന്നത്. പിന്നെ, ദേശീയപാത മുഴുവൻ ഗതാഗതക്കുരുക്കിലാകും.ഓരോ തവണ കുഴിയിൽ വീഴുമ്പോഴും ഡ്രൈവർമാർ അറിയാതെയെങ്കിലും മുകളിലേക്ക് നോക്കിപ്പോകും. കുണ്ടും കുഴിയുമില്ലാത്ത വിശാലമായ പള്ളിക്കരമേൽപ്പാലം വെറുതേ കിടക്കുന്നു. നിർമാണം പൂർത്തിയായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പാലം തുറക്കാത്തത് കുഴിയിൽ വീഴ്ത്താനാണോയെന്നാണ് യാത്രക്കാരുടെ ചോദ്യം.