തിരുവനന്തപുരം: തിരുവനന്തപുരത്തെ മുതലപ്പൊഴിയില്‍ ഇന്നലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍പെട്ട് കാണാതായ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കാണാതായ റോബിൻ എഡ്വിൻ എന്നയാളുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. ഇതോടെ അപകടത്തിൽപ്പെട്ട മുഴുവൻ ആളുകളുടേയും മൃതദേഹങ്ങൾ കണ്ടെത്തി.
ഹാർബറിന് സമീപത്ത് നിന്നാണ് റോബിന്റെ മൃതദേഹം കിട്ടിയത്. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണി, സുരേഷ് ഫെര്‍ണാണ്ടസ് (ബിജു- 58) തുടങ്ങിയവരുടെ മൃതദേഹങ്ങളും ഇന്നു കിട്ടിയിരുന്നു. വള്ളം മറിഞ്ഞ ഉടനെ തന്നെ രക്ഷപ്പെടുത്തിയ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെയായിരുന്നു മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേരെ കാണാതായത്. ഇതില്‍ കുഞ്ഞുമോനെ മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തി. തുടര്‍ന്ന് മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് രണ്ട് മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയത്.