വളാഞ്ചേരി : നിരോധിത പുകയില ഉത്പന്നങ്ങൾ, എം.ഡി.എം.എ. എന്നിവയുമായി രണ്ടുപേർ അറസ്റ്റിലായി. തിരൂർ വൈലത്തൂർ നീലിയാട്ട് വീട്ടിൽ അബ്ദുൽസലാം (30), കരേക്കാട് മജീദ്കുണ്ട് വാക്കിൽ വീട്ടിൽ മുഹമ്മദ് മുസ്താഖ് (28) എന്നിവരാണ് കാടാമ്പുഴ പോലീസിന്റെ പിടിയിലായത്.
കാറിൽ ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ 3750 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും ശരീരത്തിൽ ഒളിപ്പിച്ചനിലയിൽ 0.4ഗ്രാം എം.ഡി.എം.എ.യും സഹിതം വെട്ടിച്ചിറയിൽവെച്ചാണ് അബ്ദുൽസലാം പിടിയിലായത്. പോലീസ് സംഘത്തിൽ എസ്.എച്ച്.ഒ. എൻ.ആർ. സുജിത്തിനൊപ്പം അനീഷ്, റജിൻ, സൂരജ്, രാജീവ് എന്നിവരുണ്ടായിരുന്നു.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് മുസ്താഖിനെ മജീദ്കുണ്ടിലെ വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്. കാടാമ്പുഴ സ്റ്റേഷൻ ഓഫീസർ എൻ.ആർ. സുജിത്തിന്റെ നേതൃത്വത്തിൽ വീട്ടിൽ നടത്തിയ തിരച്ചിലിൽ നാലുഗ്രാം എം.ഡി.എം.എ.യും നൂറ്റൻപതു ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഗ്രേഡ് എസ്.ഐ. ശ്രീകാന്ത്, എ.എസ്.ഐ. സുജാത, എസ്.സി.പി.ഒ. രാജേഷ്, സി.പി.ഒ.മാരായ വിപിൻ, രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാളെ തിരൂർ കോടതി റിമാൻഡുചെയ്തു.