ഗൂഡല്ലൂർ : നീലഗിരിയിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെയുണ്ടായ കനത്തമഴയിൽ 19 വീടുകൾതകർന്നു. 22 സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിവീണു. ജില്ലയിലുടനീളം കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞവർഷം 239 മില്ലിമീറ്റർ മഴ പെയ്തപ്പോൾ ഈ വർഷം 264.2 മില്ലീമീറ്റർ മഴയാണ് ഇതുവരെ പെയ്തത്.
കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി പെയ്ത കനത്തമഴയിൽ, ഊട്ടി, കൂനൂർ, കോത്തഗിരി, കുന്ത, ഗൂഡല്ലൂർ, പന്തലൂർ എന്നീ ആറു താലൂക്കുകളിലായി 19 വീടുകൾ തകർന്നു. ഒമ്പത് വീടുകൾ ഭാഗികമായും 10 വീടുകൾ പൂർണമായും തകർന്നു. 4100 രൂപ ഗുണഭോക്താക്കൾക്ക് അടിയന്തര നഷ്ടപരിഹാരമായി നൽകി. തകർന്നവീടിന്റെ മേൽക്കൂരയിൽനിന്ന് മരംവീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടിടത്ത് സംരക്ഷണഭിത്തിതകർന്നു. ജില്ലയിലുടനീളം തണുത്തകാലാവസ്ഥയാണ്. കനത്ത മൂടൽമഞ്ഞുമുണ്ട്. ഞായറാഴ്ച ഉച്ചവരെ തെളിഞ്ഞകാലാവസ്ഥയായിരുന്നു. പന്തല്ലൂർ, ദേവർഷോല, പാടുന്തറ, ഗൂഡല്ലൂർ, എരുമാട് എന്നിവിടങ്ങളിൽ കനത്തമഴ പെയ്തു.